കുമളിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങി വളർത്തു നായയെ കൊന്നു

ഇടുക്കി കുമളിക്ക് സമീപം അമരാവതിയില്‍ ജനവാസ മേഖലയിൽ പുലിയിറങ്ങി  വളർത്തു നായയെ കൊന്നു. പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചതോടെ ഭീതിയിലാണ് നാട്ടുകാരുടെ ജീവിതം. കഴിഞ്ഞ ഒരാഴ്ച്ചയായി കുമളി അമരാവതി ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിദ്ധ്യമൂള്ളത് . അമരാവതി നാലാംമൈൽ സ്വദേശിയായ ഇഞ്ചപ്പാറയ്ക്കൽ ബിനോയിയുടെ വളർത്തു നായയെ പുലി കൊന്നു. കാലിത്തൊഴുത്തിന് സമീപത്തായി  കെട്ടിയിട്ടിരുന്ന നായയുടെ തല മാത്രമാണ് ബാക്കി. ഇതിനു മുമ്പ് ആറാം മൈൽ ഭാഗത്തും പുലിയിറങ്ങിയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. സ്ഥലത്ത് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.  നാട്ടുകാർ ഭീതിയിലാണ് ഇവിടെ ജീവിക്കുന്നത്. വനത്തോട് ചേർന്ന്  ചെറിയ വഴികളാണ് ഇവിടെ സഞ്ചാരത്തിനായി ഉള്ളതും. വനം വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പെട്രോളിംങ്ങ് നടത്താനും, ക്യാമറ ട്രാപ്പ് ഉൾപ്പെടെ സ്ഥാപിക്കനുമുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. എത്രയും വേഗം നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.