കൊതുകുകൾക്ക് താവളമായി ഒരു കെട്ടിടം

കൊച്ചി  നാരകത്തറ റോഡില്‍ പണി തീരാതെ കിടക്കുന്ന കെട്ടിടത്തിലെ വെള്ളക്കെട്ട് കൊതുകുകളുെട താവളമായി. കെട്ടിടത്തിന്റെ താഴത്തെ നില കഴിഞ്ഞ നാലു മാസമായി പൂ‍‍‍ര്‍ണമായും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച മേഖലയാണിത്. പ്രശ്നപരിഹാരത്തിനായി യാതൊരു നടപടിയും കോര്‍പ്പറേഷന്റെയൊ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്തു നിന്നുണ്ടായിട്ടില്ല  

കഴിഞ്ഞ നാലു മാസമായി ഈ കെട്ടിടത്തില്‍ യാഥൊരു നിര്‍മാണപ്രവര്‍ത്തനവും നടക്കുന്നില്ല. അതുകൊണ്ട് തന്നെ കെട്ടിടത്തിന്റെ താഴെ നില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. മലപ്പുറം സ്വദേശി അസീസും മൂന്ന് സുഹൃത്തുക്കളും ഹോട്ടല്‍ തുടങ്ങാനായി നിര്‍മാണം ആരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയി. ഇപ്പോള്‍ രോഗങ്ങളുടെ ഹോള്‍സെയില്‍ ഉല്‍പ്പാദന കേന്ദ്രമാണ് ഈ വെള്ളക്കെട്ട്.

സെന്റ് തെരേസാസ് കോളേജിലേക്കുള്ള കുട്ടികളടക്കം ദിവസേന ആയിരക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന വഴിയാണിത്. വീടുകള്‍ക്കും ഹോട്ടലുകള്‍ക്കും പുറമേ നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി രേഖപ്പെടുത്തിയ മേഖലകൂടിയാണിത്. വെള്ളം ഒഴുക്കി കളയാന്‍ കെട്ടത്തിന്റെ ഉടമസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യാഥൊരു പരിഹാരവും കഴിഞ്ഞ നാലു മാസമായിട്ടുണ്ടായില്ല.