ആലുവയില്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനമേകി കലാകാരന്മാരുടെ കൂട്ടായ്മ

പ്രളയം നാശംവിതച്ച ആലുവയില്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനമേകി കലാകാരന്മാരുടെ കൂട്ടായ്മ. വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ക്കടക്കം കാരിക്കേച്ചറുകള്‍ വരച്ചുനല്‍കിയാണ് കാര്‍ട്ടൂണ്‍ കലാകാരന്മാര്‍ അതിജീവനത്തിന്റെ കൈത്താങ്ങായത്.

രണ്ടാഴ്ച മുന്‍പ് പ്രളയം നാശംവിതച്ച ആലുവ നഗരത്തില്‍ കാര്‍ട്ടൂണിസ്റ്റുകളും കാരിക്കേച്ചറിസ്റ്റുകളും അടക്കം മുപ്പതോളം കലാകാരന്മാരാണ് ഒത്തുകൂടിയത്. അതിജീവനത്തിന്റെ പ്രത്യാശ നല്‍കുന്ന കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും ദുരിത ബാധിതര്‍ക്കടക്കം വരച്ചുനല്‍കി. വീടും സ്വത്തും നഷ്ടപ്പെട്ട് നിരാശയില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമേകാനാണ് ലൈവ് കാരിക്കേച്ചര്‍ പ്രദര്‍ശനം ഒരുക്കിയത്. 

ചിത്രങ്ങള്‍ കാണാനായി എത്തിയവര്‍ കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും വാങ്ങി ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തു.  കാര്‍ട്ടൂണ്‍ അക്കാദമിയുടെയും ലളിതകലാ അക്കാദമിയുടെയും സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.