കൈനകരിയിലെ ജലവിതാനം താഴ്ത്താൻ അടിയന്തര നടപടി; തുലാം പത്തിന് പുഞ്ചകൃഷി തുടങ്ങും

വെള്ളക്കെട്ടിലാണ്ടു നില്‍ക്കുന്ന കൈനകരിയിലെ ജലവിതാനം താഴ്ത്താൻ അടിയന്തര നടപടിയെന്ന് മന്ത്രി വി.എസ്.സുനിൽ കുമാർ. തുലാം പത്തിന് പുഞ്ചകൃഷി ആരംഭിക്കാനാണ് ശ്രമം. പാടശേഖരസമിതികള്‍ക്കുള്ള പമ്പിങ് സബ്സിഡിയിലെ തടസം രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്നും കുട്ടനാട് സന്ദര്‍ശിച്ചശേഷം മന്ത്രി പറ‍ഞ്ഞു

ഒരാഴ്ചയ്ക്കകം കൈനകരി ഉൾപ്പെടെയുളള കുട്ടനാടൻ മേഖലയിലെ വെള്ളം വറ്റിക്കാൻ കഴിയുമെന്നാണ് കൃഷിമന്ത്രിയുടെ ആത്മവിശ്വാസം.  ലഭ്യമായ പമ്പുകളും മോട്ടോറുകളും പരമാവധി ഉപയോഗിക്കും. വെള്ളപ്പൊക്കത്തിനിടയിലും കേടാകാതെ ബാക്കിയായ മുന്നൂറോളം മോട്ടോറുകളും പ്രവര്‍ത്തിപ്പിക്കും. മുങ്ങിനശിച്ചവ നന്നാക്കും. കുട്ടനാട്ടിൽ തുലാം പത്തോടെ പുഞ്ചകൃഷി തുടങ്ങാനാണ് കൃഷി വകുപ്പിന്റെ തീരുമാനമെന്നും കരിനില പ്രദേശങ്ങളിൽ അതിന് മുമ്പ് കൃഷി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

മോട്ടോർ വെക്കാതെ തന്നെ മട തുറന്നുവിട്ട് ജലനിരപ്പ് കുറയ്ക്കാനാകുന്ന സ്ഥലങ്ങളിൽ അങ്ങിനെ ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.  മടകുത്താനുള്ള ചെലവ് സർക്കാർ നൽകും. പാടശേഖരസമിതികൾക്കുള്ള പമ്പിംഗ് സബ്സിഡി നൽകുന്നതിന് നിലവിലുള്ള തടസ്സങ്ങൾ പരിഹരിച്ച് രണ്ടു ദിവസത്തിനകം ഉത്തരവിറക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.