പ്രളയക്കെടുതിയില്‍ തൃശൂരിലെ കോള്‍കര്‍ഷകര്‍ക്ക് വന്‍നഷ്ടം

പ്രളയക്കെടുതിയില്‍ തൃശൂരിലെ കോള്‍കര്‍ഷകര്‍ക്ക് വന്‍നഷ്ടം. പുല്ലഴി കോള്‍പടവ് സഹകരണ സംഘത്തിന്റെ ഒന്നേക്കാല്‍ കോടി രൂപയുടെ യന്ത്രങ്ങള്‍ വെള്ളം കയറി നശിച്ചു.

800 കര്‍ഷരുടെ പുല്ലഴി കോള്‍പടവിന് കീഴില്‍. മഴക്കാലത്ത് വെള്ളം നിറയുന്ന കോള്‍പാടത്ത് മല്‍സ്യ കൃഷി. പിന്നെ, നെല്‍കൃഷി. കരുവന്നൂര്‍ പുഴ ഗതിമാറി ഒഴുകിയതോടെ 800 കോള്‍കര്‍ഷകരുടെ ഉപജീവനവും താറുമാറായി. കൊയ്ത്തു യന്ത്രങ്ങള്‍ , ട്രാക്ടറുകള്‍, വെള്ളം പമ്പു ചെയ്യാനുള്ള കൂറ്റന്‍ മോട്ടോറുകള്‍... ഇങ്ങനെ നഷ്ടത്തിന്റെ കണക്കെടുപ്പില്‍ തളരുകയാണ് കര്‍ഷകര്‍. ഇതെല്ലാം, നേരെയാക്കി ഇനി എന്ന് കൃഷിയിറക്കുമെന്ന് കര്‍ഷകര്‍ക്ക് അറിയില്ല. സഹകരണ സംഘത്തിന്റെ ഓഫിസില്‍ അഞ്ചടി ഉയരത്തിലായിരുന്നു വെള്ളം. എല്ലാ കാര്‍ഷിക യന്ത്രങ്ങളും സൂക്ഷിച്ചിരുന്നത് സഹകരണ സംഘം ഓഫിസിലായിരുന്നു. 

യന്ത്രങ്ങള്‍ നേരെയാക്കിയെടുത്ത് കൃഷിയിറക്കുമ്പോള്‍ ഒരു മാസമെങ്കിലും വൈകും. വെള്ളം നിറയുന്ന വര്‍ഷക്കാലത്ത് കോള്‍പാടങ്ങളില്‍ മല്‍സ്യകൃഷിയിറക്കാറുണ്ട്. പക്ഷേ, പുല്ലഴി കോള്‍പടവില്‍ ഇക്കുറി മല്‍സ്യകൃഷി ഇറക്കാത്തതിരുന്നതിനാല്‍ ആ നഷ്ടം സംഭവിച്ചില്ല. കോര്‍പറേഷന്‍ പരിധിയിലുള്ള ഏക കോള്‍ കാര്‍ഷിക മേഖലയാണ് പുല്ലഴി. നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.