ഇടുക്കിയിലെ ശീതകാല പച്ചക്കറിക്ക് തമിഴ്നാട്ടിൽ വൻ വിലയിടിവ്

ഇടുക്കിയിലെ ശീതകാല പച്ചക്കറി കേന്ദ്രത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തമിഴ്‌നാട്ടിലും  വന്‍ വിലയിടിവ്. കിലോയ്ക്ക് 300 രൂപ ലഭിച്ചിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ 20 രൂപ മാത്രമായതോടെ പ്രതിസന്ധിയിലായി ഒരു കൂട്ടം കർഷകർ. പച്ചക്കറി കേന്ദ്രങ്ങളിൽ വിളകൾ ചീഞ്ഞു നശിക്കുകയാണ്. 

 ഓണ വിപണി പ്രതീക്ഷിച്ച് കാന്തല്ലൂരിലേയും വട്ടവടയിലേയും കര്‍ഷകര്‍ വിളവിറക്കിയിരുന്ന വിളകളുടെ വിലയിലാണ് തമിഴ്‌നാട്ടിലെ വ്യാപാരികള്‍ ചൂഷണം ചെയ്യുന്നത്.  സീസനോടനുബന്ധിച്ച് മേഖലകളില്‍ കൃഷിചെയ്തിരുന്ന വെളുത്തുള്ളിക്കാണ് വന്‍ വിലയിടിവുണ്ടായിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ 250 രൂപ മുതല്‍ 300 രൂപ വരെ വില  ലഭിച്ചിരുന്ന വെളുത്തുള്ളിക്ക് നിലവില്‍ 15 രൂപ മുതല്‍ 20 രൂപവരേയാണ് കര്‍ഷകന് വിലയായി ലഭിക്കുന്നത്.

 വെളുത്തുള്ളിക്ക് പുറമെ ഇവിടെ വിളവിറക്കിയിരിക്കുന്ന ബീന്‍സ് , ക്യാരറ്റ്, ക്യാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകള്‍ക്കും വന്‍ വിലക്കുറവാണ് തമിഴ്നാട്ടിലെത്തിച്ച് വിപണനം നടത്തുമ്പോള്‍ ലഭിക്കുന്നത്. മറയൂർ മൂന്നാർ റോഡ് മഴക്കെടുതിയിൽ തകർന്നതോടെ ഹോർട്ടികോർപ്പിനും വിളകൾ സംഭരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.