ഇടുക്കിയിൽ കനത്ത മഴയിലും കാറ്റിലും വൻകൃഷിനാശം

ഇടുക്കി ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്തമഴയിലും കാറ്റിലും കനത്ത കൃഷിനാശം. വീട് തകര്‍ന്ന് ജില്ലയിലെ  അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മരം കടപുഴകിവീണ് പലയിടത്തും ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു

ഇടുക്കി ജില്ലയില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ പലയിടത്തും തോര്‍ന്നിട്ടില്ല. ശക്തമായ കാറ്റും നാശം വിതച്ചു. കല്‍തൊട്ടി മേല്‍പ്പാറയില്‍ വീടിന് മുകളില്‍ മരം വീണ് നാല് പേര്‍ക്കും തങ്കമണിയില്‍ വീടിന് മുകളില്‍ കല്ല് ഉരുണ്ട് വീണ് ഒരാള്‍ക്കും പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. കാഞ്ചിയാര്‍, തോപ്രാംകുടി, മുരിക്കാശേരി പ്രദേശങ്ങളിലും  ശക്തമായ കാറ്റ് വീശുന്നുണ്ട്. വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. നെടുങ്കണ്ടം മേഖലയില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായി.  മാങ്കുളം കല്ലാര്‍ റോഡിലും വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പൈനാവ് കുളമാവ് റൂട്ടില്‍ വ വലിയ വാഹനങ്ങള്‍ കടന്നുപോകുന്നില്ല. വണ്ടിപ്പെരിയാറില്‍ വീടിന് മുകളിലേയ്ക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണു. നെടുങ്കണ്ടം പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കല്ലാര്‍കുട്ടി ഡാം തുറന്നുവിടുന്നതിനാല്‍  പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെമുതല്‍ ഇടുക്കി താലൂക്കില്‍ 58 ഉം ദേവികുളം താലൂക്കില്‍ 62 ഉം പീരുമേടില്‍ 50ഉം മില്ലീമീറ്റര്‍  മഴ ലഭിച്ചു