കൊടുങ്ങല്ലൂരിൽ യുവതിയെ കടലിൽ കാണാതായി

കൊടുങ്ങല്ലൂര്‍ അഴീക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിവലിന് എത്തിയ യുവതിയെ കടലില്‍ വീണ് കാണാതായി. ബീച്ചില്‍ ശക്തമായ കാറ്റും കടലേറ്റവും ഉണ്ടായിരുന്ന സമയത്താണ് അപകടം 

ബന്ധുക്കളായ ഏഴു പേര്‍ ഉച്ചയോടെയാണ് മുനക്കല്‍ ബീച്ചില്‍ എത്തിയത്. ഇവരില്‍ നാലു പേര്‍ മുട്ടോളം വെള്ളം വരെ കടലിലേക്കിറങ്ങി. ഈ സമയത്താണ് കൂറ്റന്‍ തിരമാലയും കടലാക്രമണവും ഉണ്ടായത്. നാലു പേരും വെള്ളത്തില്‍ മുങ്ങിത്താഴുന്നതു കണ്ട ലൈഫ് ഗാര്‍ഡ് പ്രതാപന്‍ ഓടിയെത്തി എല്ലാവരേയും കരയ്ക്കു കയറ്റി. പക്ഷേ, വീണ്ടും തിരമാല ആഞ്ഞടിച്ചതോടെ യുവതി ഒഴുകിപ്പോയി. മാള അഷ്ടമിച്ചിറ സ്വദേശി അശ്വിനിയെയാണ് കടലില്‍ കാണാതായത്. ഉടന്‍ തന്നെ അഴിക്കോട് തീരദേശ പോലീസിന്റെ സ്പീഡ് ബോട്ടുപയോഗിച്ച് ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഒരാഴ്ചയോളമായി തുടരുന്ന അഴീക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ദുരന്തം. അതേസമയം ശക്തമായ കടലേറ്റവും കാറ്റും ഉണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഇത് മുഖവിലയ്ക്കെടുക്കാതെ ബീച്ച് ഫെസ്റ്റ് അപകടത്തിനിടയാക്കിയെന്ന് ആക്ഷേപമുണ്ട്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ബീച്ച് ഫെസ്റ്റില്‍ പിന്നീട് നിര്‍ത്തിവച്ചു.