കെട്ടിടം ഇടിഞ്ഞുതാഴ്ന്ന പ്രദേശത്ത് മണ്ണിടിയാൻ സാധ്യതയില്ലെന്ന് വിദഗ്ദ സമിതി

കൊച്ചി കലൂരില്‍  നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്ന പ്രദേശത്ത് വീണ്ടും വലിയതോതില്‍ മണ്ണിടിയാന്‍ സാധ്യതയില്ലെന്ന് പരിശോധന നടത്തിയ വിദഗ്ധ സമിതി. ഇതുള്‍പ്പെടുന്ന കണ്ടെത്തലുകളടങ്ങിയ റിപ്പോര്‍ട്ട് ഇന്ന് രാത്രിയോടെ ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കും. സംഭവത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച മെട്രോ ട്രെയിന്‍ സര്‍വീസ് ഉച്ചയോടുകൂടി പുനഃരാരംഭിച്ചു. കലൂരില്‍ നിന്ന് ഹൈക്കോടതി ഭാഗത്തേക്കുള്ള റോഡ്ഗതാഗതവും പുനഃസ്ഥാപിച്ചു. 

കൊച്ചി കലൂര്‍ നഗരമധ്യത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണത്  ഏറെ ആശങ്കകള്‍ക്ക് വഴിവച്ചിരുന്നു. നിമിഷങ്ങള്‍കൊണ്ട് പത്തുമീറ്ററോളം കെട്ടിടം താണുപോയത് പ്രദശവാസികളെയും ഭീതിയിലാക്കി. കെട്ടിടം പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രങ്ങളും ക്രയിനും   മണ്ണില്‍ പുത‍ഞ്ഞുപോയിരുന്നു. സംഭവത്തെ തുടര്‍ന്ന് മെട്രോ സര്‍വീസും റോഡ് ഗതാഗതവും നിര്‍ത്തിവയ്ക്കുകയുംചെയ്തിരുന്നു. ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിച്ച് വിശദപരിശോധന നടത്തി.   പ്രദേശത്ത് വീണ്ടും വലിയതോതില്‍ മണ്ണിടിയാന്‍ സാധ്യതയില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ചെറിയതോതില്‍ മണ്ണ് ഇളകിപ്പോയേക്കാമെന്നും വിലയിരുത്തുന്നു. ഇത് തടയാനുള്ള നിര്‍ദേശവും നല്‍കുന്നുണ്ട്. അതേസമയം അപകടമുണ്ടാക്കിയ കെട്ടിടം പണിയാന്‍ കരാറെടുത്ത കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തൊട്ടടുത്ത കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനയും ഉടന്‍ നടത്തും.

കലൂര്‍ മെട്രോ സ്റ്റേഷന്‍ മുതല്‍ ലിസ്സി ജംക്‌ഷന്‍ വരെ ഇന്നലെ രാത്രിയാരംഭിച്ച ഗതാഗത നിയന്ത്രണം ഇന്ന് ഉച്ചയോടുകൂടി പിന്‍വലിച്ചു. വാഹനഗതാഗതവും പുനസ്ഥാപിച്ചു.