കൊച്ചിയിൽ ശ്മശാനം നവീകരണത്തെച്ചൊല്ലി സി.പിഎമ്മില്‍ തര്‍ക്കം

കൊച്ചി കോർപറേഷനിലെ ഗാന്ധിനഗർ ഡിവിഷനിൽ ശ്മശാനം നവീകരണത്തിനുളള സിപിഎം കൗൺസിലറുടെ ശ്രമങ്ങൾക്ക് തടയിട്ട് പാർട്ടി ഏരിയ കമ്മിറ്റി അംഗം . ശ്മശാനത്തിലെ നവീകരണ പ്രവർത്തനങ്ങൾ മരങ്ങൾ നശിപ്പിക്കുമെന്ന വാദമുയർത്തി പ്രാദേശിക പാർട്ടി പ്രവർത്തകർ ത‍ടഞ്ഞതോടെ പദ്ധതി തുകയായ 83 ലക്ഷം രൂപ പാഴാകുന്ന  സ്ഥിതിയിലാണ്.  

തമ്മനം പുല്ലേപ്പടി റോഡിലെ ഈ പൊതുശ്മശാനം നവീകരണത്തെ ചൊല്ലിയാണ് തർക്കം. സിപിഎം കൗൺസിലറായ പൂർണിമ നാരായണൻറെ നേതൃത്വത്തിൽ കോർപറേഷൻറെ പ്ലാൻ ഫണ്ടിലെ 83 ലക്ഷം രൂപ ചെലവിട്ടാണ് നവീകരിക്കുന്നത്.  പക്ഷേ ഈ  പ്രവർത്തനങ്ങൾ ശ്മശാനത്തിനുളളിലെ വൃക്ഷങ്ങൾ നശിപ്പിക്കുമെന്ന വാദമുയർത്തി സ്ഥലത്തെ മുൻ കൗൺസിലർ കൂടിയായ സിപിഎം ഏരിയാ നേതാവിൻറെ നേതൃത്വത്തിൽ തടഞ്ഞു. ഇതോടെ കരാറുകാരൻ പണി നിർത്തിവച്ചു. മാർച്ച് മുപ്പത്തിയൊന്നിന് മുമ്പ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ 83 ലക്ഷം രൂപ നഷ്ടപ്പെടുന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ

നിർമാണ ജോലികൾ തടസപ്പെടുത്തിയ ഏരിയ കമ്മിറ്റി അംഗത്തിൻറെ നടപടിക്കെതിരെ  ഒരു വിഭാഗം നേതാക്കൾ പാർട്ടി ജില്ലാ  നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളുളള ചിലരാണ് ശ്മശാനത്തിലെ നവീകരണ ജോലികൾ തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്ന വിമർശനവും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്.