ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി

ഇടുക്കിയില്‍ ആനവിലാസം, വെള്ളാരംകുന്ന് മേഖലയില്‍ വീണ്ടും പുലിയിറങ്ങി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ജനവാസമേഖലയില്‍ പുലിയെ കണ്ടെത്തുന്നത്. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ തിങ്ങിപാര്‍ക്കുന്ന മേഖലയില്‍ പുലിയെ കണ്ടതോടെ ജനങ്ങള്‍ ഭീതിയിലാണ്. 

കഴിഞ്ഞ ഡിസംബറിലാണ് പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്നു ആനവിലാസം, വെള്ളാരംകുന്ന് മേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമറ ഉള്‍പ്പെടെ സ്ഥാപിച്ച് പരിശോധന നടത്തി. എന്നാല്‍ പുലിയെ കണ്ടെത്താനായില്ല. ഡിസംബര്‍ 29ന് ജനവാസമേഖലയായ ആനവിലാസത്ത് ഒരു പുലിയുടെ ജഡം കണ്ടെത്തി. ഇതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. പുലിഭീതി ഒഴിഞ്ഞെന്ന് നാട്ടുകാര്‍ ആശ്വസിച്ചിരിക്കെയാണ് കഴിഞ്ഞ ഞായറാഴ്ച ആനവിലാസത്ത് വീണ്ടും പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ക്യാമറകളും സ്ഥാപിച്ചു. ബുധനാഴ്ച രാത്രിയാണ് വെള്ളാരംകുന്നില്‍ വീണ്ടും പുലി എത്തിയത്. പകലും രാത്രിയും സമീപത്തെ ഏലതോട്ടത്തിലുള്‍പ്പെടെ പുലിയെ കണ്ടവരുണ്ട്. 

ഏലതോട്ടത്തിനിടയിലാണ് പുലി നില ഉറപ്പിക്കുന്നത്. ഇക്കാരണത്താല്‍ ജോലിക്ക് പോലും കഴിയാതെ ഭീതിയിലാണ് പ്രദേശവാസികള്‍. കൂടുകള്‍ സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.