NH-47ലെ പഴക്കമേറിയ പാലങ്ങളുടെ ബലപരിശോധന തുടങ്ങി

ദേശീയപാത നാല്‍പത്തിയേഴിലെ ഏറ്റവും പഴക്കമേറിയ പാലങ്ങളായ ആലുവ മാർത്താണ്ഡവർമ പാലത്തിന്റേയും, മംഗലപ്പുഴ പാലത്തിന്റേയും ബലപരിശോധന തുടങ്ങി. വാഹനത്തിരക്ക് കണക്കിലെടുത്ത് അര്‍ധരാത്രിക്കുശേഷമാണ് പരിശോധന. 

1940ല്‍ നിര്‍മിച്ച മാർത്താണ്ഡവർമ പാലത്തിന്റേയും 1952ല്‍ നിര്‍മിച്ച മംഗലപ്പുഴ പാലത്തിന്റെയും ബലത്തെക്കുറിച്ച് സംശയമുയര്‍ന്ന സാഹചര്യത്തിലാണ് ദേശീയപാത അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശോധന നടത്തുന്നത്. വാഹന സാന്ദ്രതയും ഭാരവാഹനങ്ങളും വര്‍ധിച്ചതും ബലപരിശോധനയ്ക്ക് കാരണമായി.

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള രണ്ടുപാലങ്ങള്‍ക്കും സമാന്തരപാലങ്ങൾ വന്നെങ്കിലും രണ്ടുവരി ഗതാഗതം ഈ പാലങ്ങളിലൂടെയാണ്. പാലങ്ങളുടെ ഡെക്ക് സ്ലാബുകൾ മുറിച്ചെടുത്തും അടിത്തറ തുരന്ന് സാമ്പിളെടുത്തുമാണ് പരിശോധന. പാലത്തിലെ കമ്പികളുടെ ബലവും പഴക്കവും വിലയിരുത്താന്‍ ഫ്ലോറൈഡ്, സൾഫേറ്റ്, അൾട്രാ സോണിക്, സ്കാനിങ് ടെസ്റ്റുകളും നടത്തുന്നുണ്ട്. ദേശീയ പാത അതോറിറ്റിക്ക് വേണ്ടി ബ്യൂറോ വെറിറ്റാസ് ഇന്ത്യ എന്ന സ്ഥാപനമാണ് പരിശോധന നടത്തുന്നത്.