ആദിവാസി ഊരിലെ നേർക്കാഴ്ചയുമായി മ്യൂസിയം

കേരളപാരമ്പര്യവും,ആദിവാസി ഊരുകളിലെ നേര്‍ക്കാഴ്ചകളുമായി തൊടുപുഴ ഡയറ്റ് സ്കൂളിലെ പൈതൃക മ്യൂസിയം. ഇടുക്കിയുടെ ചരിത്രത്തെ വരച്ചിടുന്ന മ്യൂസിയത്തില്‍ ശാസ്ത്രലോകത്തിലെ കൗതുകങ്ങളും അനുഭവിച്ചറിയാം. പ്രകൃതിസംരക്ഷണത്തിന്‍റെ പാഠങ്ങളും പകര്‍ന്നു നല്‍കുന്ന ക്യാംപസ് നാടിന് തന്നെ മാതൃകയായി. ഇടുക്കി അണക്കെട്ടിനുള്ള സ്ഥലം ചൂണ്ടികാട്ടിയ കൊലുമ്പനില്‍ നിന്നാണ് ഡയറ്റ് സ്കൂളിലെ പൈതൃക കാഴ്ചകളുടെ തുടക്കം. സ്കൂള്‍ കവാടത്തില്‍ ഊന്നുവടിയുമായി നില്‍ക്കുന്ന കൊലുമ്പന്‍റെ പ്രതിമ. കുറവന്‍, കുറത്തി മലകളും ഏറുമാടവും ചിത്രപ്പണികളില്‍ നിറഞ്ഞു. വിവിധ അണക്കെട്ടുകളുടെ ചുമര്‍ ചിത്രങ്ങളും മാതൃകകളുമായി കാഴ്ചകള്‍ തുടര്‍ന്നു. കൗതുകമേറും ശാസ്ത്ര ലോകത്തേക്ക് വഴി നീണ്ടു. സ്കൂള്‍ വിദ്യാര്‍ഥികളുടെ പുസ്തകതാളുകളില്‍ നിറഞ്ഞ എഴുപതിലേറെ ശാസ്ത്ര പഠന മാതൃകകള്‍ ഇവിടെയുണ്ട്. അത്ഭുത കിണറും, കസേരയും ഉള്‍പ്പെടെയുള്ള മാതൃകകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരമുണ്ട്. 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഏറ്റവും വലിയ അക്കാദമിക് സ്ഥാപനമാണ് ഡയറ്റ്. ഇവിടെ ഉപയോഗിക്കാതെ കിടന്ന് മൂന്നാം നിലയിലാണ് പൈതൃകമ്യൂസിയവും ശാസ്ത്രപഠനകേന്ദ്രവും ഒരുക്കിയത്. പ്രകൃതിസംരക്ഷണം ചിത്രങ്ങളിലും സന്ദേശങ്ങളിലും ഒതുക്കാതെ 250ലേറെ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി പ്രകൃതി സൗഹാര്‍ദ ക്യാംപസെന്ന ബഹുമതിയും ഡയറ്റ് സ്വന്തമാക്കി.