നാടകോത്സവത്തിൽ ഭിന്നലിംഗക്കാരുടെ നാടകം

സംസ്ഥാനത്ത് ആദ്യമായി നാടകവുമായി ട്രാന്‍സ്ജെന്‍ഡേഴ്സ് അരങ്ങിലെത്തുന്നു. തൃശൂരില്‍ ആരംഭിക്കുന്ന രാജ്യാന്തര നാടകോല്‍സവത്തിലാണ് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ നാടകം അരങ്ങേറുന്നത്. പറയാന്‍ മറന്ന കഥ. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ജീവിതം അരങ്ങില്‍ എത്തുകയാണ്. മനപാഠമാക്കിയ ഡയലോഗുകളില്ല. ഓരോ ട്രാന്‍സ്ജെന്‍ഡറും കേരളത്തില്‍ നേരിടുന്ന നൊമ്പരങ്ങള്‍. നാടകത്തിന്റെ കെട്ടും മട്ടും ഒരുക്കുന്നുവെന്ന് മാത്രം. ചെന്നൈ സ്വദേശിയായ ശ്രീജിത്ത് സുന്ദരമാണ് ഇങ്ങനെയൊരു നാടകസംഘം രൂപികരിച്ചതും പരിശീലിപ്പിച്ചതും. ദ്വയ ട്രാന്‍സ്ജെന്‍ഡേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് നാടകസംഘത്തിന്റെ ഉടമകള്‍. 

സംസ്ഥാനത്തൊട്ടാകെ ഓഡിഷന്‍ നടത്തിയ ശേഷമാണ് നാടകസംഘത്തിലേക്ക് ആളെയെടുത്തത്. രാജ്യത്ത് നിലനില്‍ക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ചാണ് നാടകം. പതിനഞ്ചു പേര്‍ അഭിനയിക്കുന്നു. ഇവരില്‍ ഒരാള്‍ മാത്രം ട്രാന്‍സ് മെന്‍ ആണ്. നാടകത്തെക്കുറിച്ചുള്ള വാര്‍ത്ത നല്‍കുമ്പോള്‍ ഇവര്‍ ഒറ്റക്കാര്യം മാത്രം ആവശ്യപ്പെട്ടു. ഭിന്നലിംഗക്കാര്‍ എന്നു പറയരുത്, ട്രാന്‍സ്ജെന്‍ഡേഴ്സ് എന്നു മതി. സമൂഹത്തിന്റെ കളിയാക്കലുകളും കുത്തുവാക്കുകളും ഭിന്നലിംഗക്കാര്‍ എന്ന വാക്കിലുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ട്രാന്‍സ്ജെന്‍േഡഴ്സിന്റെ നാടകം ഇന്ന് രാത്രി ഒന്‍പതിന് രാജ്യാന്തര നാടകോല്‍സവ വേദിയില്‍.