തഹസില്‍ദാര്‍ക്കെതിരെ ഭൂമാഫിയയുടെ വധഭീഷണി

മൂന്നാര്‍ കോളനി റോഡിലെ കയ്യേറ്റം ഒഴിപ്പിച്ച സ്പെഷ്യല്‍ തഹസില്‍ദാര്‍ക്കെതിരെ ഭൂമാഫിയയുടെ വധഭീഷണി. പത്ത് ദിവസത്തിനകം കൊലപ്പെടുത്തുമെന്ന് ഭൂമി കയ്യേറി കെട്ടിടം നിര്‍മിച്ചയാള്‍ ഭീഷണിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. 

മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ.ശ്രീകുമാറിനെതിരെയാണ് ഭൂമാഫിയയുടെ വധഭീഷണി. കോളനി റോഡില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയുള്ള മൂന്ന് നിര്‍മാണങ്ങള്‍ ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. കയ്യേറ്റമെന്ന് വ്യക്തമായതോടെയായിരുന്നു നടപടി. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെയും ഭൂസംരക്ഷണ സേന പ്രവര്‍ത്തകരെയും കയ്യേറ്റമാഫിയ തടഞ്ഞു. കയ്യേറ്റഭൂമിയില്‍ കെട്ടിട നിര്‍മാണം നടത്തിയിരുന്ന കരാറുകാരനും തൊഴിലാളികളും ഇക്കൂട്ടത്തിലുണ്ട്. കരാറുകാരനായ ബിജുമോനാണ് തഹസില്‍ദാര്‍ക്കെതിരെ വധഭീഷണി മുഴക്കിയത്. പോലീസ് നോക്കിനില്‍ക്കെയായിരുന്നു സംഭവം. മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയെങ്കിലും കരാറുകാനെതിരെ നടപടിയുണ്ടായില്ല. വധഭീഷണിക്ക് പുറമെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പെടെ ചൂണ്ടികാട്ടിയാണ് ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും തഹസില്‍ദാര്‍ പരാതി നല്‍കിയത്. 

മൂന്നാര്‍ മേഖലയില്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ എത്തുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭൂമാഫിയ രംഗത്തുവരുന്നത് പതിവ് കാഴ്ചയാണ്. ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെസിപിഎം നേതാക്കള്‍ തടഞ്ഞത് വിവാദമായിരുന്നു. ഇതിനുശേഷം കയ്യേറ്റം ഒഴിപ്പിക്കാന്‍ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷയൊരുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഈ ഉറപ്പും പാഴായ സാഹചര്യത്തില്‍ ജീവന്‍ പണയംവെച്ച് ജോലിചെയ്യേണ്ട ഗതികേടിലാണ് മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥര്‍.