മുട്ടം മെട്രോ യാർഡിന് സമീപമുള്ള നെൽവയലുകൾക്ക് ശാപമോക്ഷം

മാലിന്യം തള്ളിയിരുന്ന ആലുവ മുട്ടം മെട്രോ യാർഡിന് സമീപമുള്ള നെൽവയലുകൾക്ക് ശാപമോക്ഷം. തരിശ് കിടന്ന പതിനാറ് ഏക്കർ ഭൂമിയിൽ കൃഷിയിറക്കിയതിന് പുറമെ നെൽപ്പാടങ്ങൾക്ക് ചുറ്റും ‍ജമന്തി ചെടികൾ നട്ടുപ്പിടിപ്പിച്ചാണ് മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത്. 

ആറ് മാസം മുൻപ് വരെ മാലിന്യകുപ്പയായിരുന്ന പാടത്താണ് ഇപ്പോൾ ഈ നെൽക്കതിരുകൾ വിളഞ്ഞ് നിൽക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ അടയാളം സ്വയം സഹായ സംഘമാണ് പതിനാറ് ഏക്കറിൽ കൃഷിയിറക്കിയത്. പരിസ്ഥിതി എഞ്ചിനീയറിങ്ങിന്റെ ഭാഗമായി പാടത്തിന്റോരത്ത് ‍‍ജമന്തി ചെടികളും നട്ടു. മിത്ര കീടങ്ങളെ ആകർഷിക്കാനാണിത്.

കൃഷി വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നിട്ടിറങ്ങിയപ്പോൾ പഞ്ചായത്തിലെ തരിശുഭൂമിയിൽ വിളഞ്ഞത് നൂറു മേനി. പച്ച വിരിച്ച വയലുകൾക്കരികിൽ മഞ്ഞ ജമന്തി പൂക്കൾ നിറഞ്ഞതോടെ ഇവിടം സായാഹ്നങ്ങളിലെ വിശ്രമകേന്ദ്രമായി മാറി.