ഇത് സിസ്റ്റർ ടീനയുടെ പോരാട്ടത്തിന്റെ വിജയം!

കന്യാസ്ത്രീകൾക്കും പുരോഹിതർക്കും അഭിഭാഷകവൃത്തി സ്വീകരിക്കാൻ 13 വർഷം നിയമപോരാട്ടം നടത്തിയൊരാളുണ്ട്. എറണാകുളം സ്വദേശിനി സിസ്റ്റർ ടീന ജോസ്. ബാർ കൗൺസിലിനോട് പൊരുതിയാണ് സിസ്റ്റർ ടീന ചരിത്രം സൃഷ്ടിച്ചത്. 

ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കുകയെന്നത് സിസ്റ്റർ ടീനയ്ക്ക് ചെറുപ്പം മുതലുള്ള ശീലമാണ്. മഠത്തിൽ ചേർന്നത് മുതൽ അഭിഭാഷകയാകാനുള്ള തീരുമാനം വരെ ഇങ്ങനെയെടുത്തതാണ്. ഇതെ നിശ്ചയദാർഢ്യമാണ് മദർ ഓഫ് കാർമൽ വിഭാഗത്തിൽ നിന്നുള്ള ആദ്യ അഭിഭാഷകയാകാൻ സിസ്റ്റർ ടീനയെ പ്രേരിപ്പിച്ചത്. 

2002ൽ കോഴ്സ് പൂർത്തിയാക്കിയെങ്കിലും കന്യാസ്ത്രീയായതുകൊണ്ട് എൻറോൾ ചെയ്യാൻ കഴിയില്ലെന്ന വിചിത്ര വാദമാണ് ബാർ കൗൺസിൽ മുന്നോട്ട് വച്ചത്. അന്ന് ആരംഭിച്ച നിയമ പോരാട്ടമാണ് സുപ്രീം കോടതി വിധി വരുന്നതുവരെ നീണ്ടുപോയത്. ഓരോ കേസ് ഏറ്റെടുക്കുമ്പോഴും കക്ഷികൾ അർപ്പിക്കുന്ന വിശ്വാസമാണ് സിസ്റ്ററിലെ അഭിഭാഷകയുടെ ഊർജം.