ജൈവകൃഷിയിലൂടെ അർബുദത്തെ തോൽപ്പിച്ച് രാജൻ

അര്‍ബുദത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് നടന്ന പി.സി.രാജന്റെ ഉറച്ച തീരുമാനമാനമായിരുന്നു ഇനി വിഷംതളിച്ച പച്ചക്കറി ഉപയോഗിക്കില്ലെന്ന്. ആ തീരുമാനമാണ് ആറന്‍മുളക്കടുത്ത് വല്ലന എന്ന പ്രദേശത്തിന് മാതൃകയായി മാറിയത്. രാജന്‍ തുടങ്ങിവച്ച വിഷരഹിത പയര്‍ കൃഷി മൂന്നാം വര്‍ഷവും വിളവെടുപ്പിന് പാകമായി നില്‍ക്കുകയാണ്. 

ഈ കാണുന്നത് അര്‍ബുദത്തെ തോല്‍പ്പിച്ച ഒരുമനുഷ്യന്റെ ഇച്ഛാശക്തിയില്‍ വിളഞ്ഞതാണ്. മൂന്നാം വര്‍ഷമാണ് പാട്ടത്തിനെടുത്ത ഈ ക‍ൃഷിയിടത്തില്‍ രാജന്‍ നൂറുമേനിവിളയിച്ചത്. ഇക്കുറി 5,000 ആളുകള്‍ക്ക് സൗജന്യമായി പയര്‍വിത്ത് നല്‍കാനാണ് രാജന്റെ തീരുമാനം. അഞ്ചുവര്‍ഷം മുന്‍പ് ബാധിച്ച അര്‍ബുദരോഗമാണ് രാജനെ ജൈവകൃഷിയിലേക്ക് തിരിച്ചത്. ആഹാരമാണ് മരുന്ന് എന്നസിദ്ധാന്തം പ്രയോഗവല്‍ക്കരിച്ചതിന്റെ ഫലം 

രാജന്‍ ഇന്ന് രോഗവിമുക്തനാണ്. മറ്റുള്ളവര്‍ക്കും നല്ല പച്ചക്കറി കിട്ടണമെന്ന ലക്ഷ്യവുമായി നാട്ടുകാര്‍ക്ക് സൗജന്യമായി വിത്തുവിതരണം നടത്തുന്നു. പക്ഷേ ഒരുഉപാധിയുണ്ട്. വിളവുകിട്ടുമ്പോള്‍ ഒരു പയര്‍വിത്ത് മടക്കി നല്‍കണം. നാട്ടുകാര്‍ അത് മുടങ്ങാതെ പാലിക്കുന്നു. നാട്ടിലെ നാടകകൃത്തുമാണ് രാജന്‍. നാടകത്തോടൊപ്പം കൃഷിയും നാട്ടുകാര്‍ക്കും, സ്കൂളുകളിലുമൊക്കെ വിഷരഹിതകൃഷിപാഠവും പറഞ്ഞുനല്‍കി രാജന്‍ മുന്നേറുന്നു.