മല്ലപ്പള്ളിയില്‍ കുന്നിടിച്ച് മണ്ണെടുക്കാനെത്തിയ വാഹനങ്ങൾ തടഞ്ഞ് നാട്ടുകാർ

AanicaduManneduppu
SHARE

തിരുവല്ല മല്ലപ്പള്ളി ആനിക്കാട് കുന്നിടിച്ച് മണ്ണെടുക്കാനെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. ദേശീയപാത വികസനത്തിന്റെ പേരിൽ മണ്ണെടുക്കാനെത്തിയ ടോറസ് ലോറികളാണ് സംയുക്ത സമരസമിതി തടഞ്ഞത്. ഭാരമേറിയ വാഹനങ്ങൾ നിരോധിച്ചിട്ടുള്ള വഴിയിലൂടെ മണ്ണുമായി ടോറസ് കടന്നുപോയാൽ റോഡ് നശിക്കുമെന്നും റോഡിനടിയിലൂടെയുള്ള പൈപ്പ് പൊട്ടി ജലക്ഷാമത്തിലേക്കെത്തുമെന്നും നാട്ടുകാർ ആരോപിച്ചു. അതേസമയം മണ്ണെടുക്കാൻ ജിയോളജി വകുപ്പിന്റെ അനുമതി ഉണ്ടെന്നും മണ്ണെടുപ്പിന് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവുണ്ടെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ ലഭിച്ച ജിയോളജി അനുമതിക്കും രണ്ടാഴ്ച മുമ്പ് കിട്ടിയ ഹൈക്കോടതി പ്രൊട്ടക്ഷനും പിന്നാലെയാണ് ആനിക്കാട്ടെ ഹനുമാൻകുന്നിൽ നിന്ന് മണ്ണെടുക്കാൻ ടോറസ് ലോറികളെത്തിയത്. ഒരു വർഷം കൊണ്ട് 54,510 മെട്രിക് ടൺ മണ്ണെടുക്കാനാണ് അനുമതി. കുന്നിലെത്താൻ മൂന്നു മീറ്റർ വീതിയുള്ള പഞ്ചായത്ത് റോഡിലൂടെ 200 മീറ്ററോളം സഞ്ചരിക്കണം. ഭാരമേറിയ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുള്ള ഈ റോഡിലൂടെ മണ്ണുമായി കടന്നുപോയാൽ റോഡിനടിയിലെ പൈപ്പുകൾ പൊട്ടുമെന്നും ജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. സംഘർഷം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് തമ്പടിച്ചിട്ടുണ്ട്. ടോറസ് ലോറികൾ മടങ്ങും വരെ റോഡിൽ കുത്തിയിരിപ്പ് സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

MORE IN CENTRAL
SHOW MORE