കൊച്ചിയിൽ കവർച്ച നടത്തിയ സംഘത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു

കൊച്ചി എരൂരിൽ വീട്ടുകാരെ ആക്രമിച്ച് കവർച്ച നടത്തിയ സംഘത്തിന്റേതെന്ന് സംശയിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്. കവർച്ച നടന്ന രാത്രിയിൽ തൃപ്പൂണിത്തുറയിലെ സിനിമ തിയറ്ററിൽ പതിനൊന്നംഗ സംഘം സിനിമ കാണാൻ എത്തുന്നതിൻറെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതര സംസ്ഥാനക്കാരാണ് സംഘത്തിലുളളതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ശനിയാഴ്ച പുലർച്ചെയാണ് തൃപ്പൂണിത്തുറയ്ക്കടുത്ത് എരൂർ സൗത്തിൽ വീട്ടുകാരെ കെട്ടിയിട്ട് ആക്രമിച്ച ശേഷം അമ്പത് പവൻ ആഭരണങ്ങൾ മോഷ്ടാക്കൾ കവർന്നത്. പത്തിലേറെ പേർ സംഘത്തിലുണ്ടെന്നാണ് വീട്ടുകാരിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം. ഈ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വെളളിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ തിയറ്ററിലെത്തിയ പതിനൊന്നംഗ സംഘത്തിൻറെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയത്. 

ദൃശ്യങ്ങളിലുളളവരുടെ മുഖം വ്യക്തമല്ലെങ്കിലും ഇവർ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന അനുമാനത്തിലാണ് പൊലീസ്. ഒമ്പതു മണിയോടെ തിയറ്ററിനുളളിൽ നിന്നുളള ദൃശ്യങ്ങളും പത്തു മണിയോടെ തിയറ്ററിനു പുറത്ത് ഇവർ കൂട്ടം കൂടി നിൽക്കുന്നതിൻറെ ദൃശ്യങ്ങളുമാണ് കിട്ടിയത്.