ഫയർസ്റ്റേഷന് ഭൂമി വിട്ടുനൽകിയ കുടുംബത്തിന് 15 വർഷം കഴിഞ്ഞിട്ടും പകരം ഭൂമി ലഭിച്ചില്ല

ഇടുക്കി ചെറുതോണിയിൽ ഫയർസ്റ്റേഷനായി ഭൂമി വിട്ടുനൽകിയ കുടുംബത്തിന് പതിനഞ്ച് വർഷം കഴിഞ്ഞിട്ടും പകരം ഭൂമി ലഭിച്ചില്ല. പൈനാവിൽ ജില്ലാപഞ്ചായത്തിന്റെ ഭൂമി നൽകാൻ ഉത്തരവായെങ്കിലും ഈ ഭൂമി സ്വകാര്യ വ്യക്തി കയ്യേറി. കയ്യേറ്റം ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിക്കാനുള്ള നിർദേശം ജില്ലാ പഞ്ചായത്ത് സെക്രട്ടറി അട്ടിമറിച്ചു. 

2003ലാണ് കാഴ്ചശേഷിയില്ലാത്ത ജോണിയുൾപ്പെടെ പതിനാറ് പേർ ചെറുതോണി ആലിൻചുവട്ടിലെ ഭൂമി ഫയർസ്റ്റേഷനായി വിട്ടുനൽകിയത്. ഈ കുടുംബങ്ങൾക്ക് പിന്നീട് പതിനേഴ് സെന്റ് കോളനിയിൽ ഭൂമി അനുവദിച്ചു. റോഡിൽ നിന്ന് 32 അടി ഉയരെ കുന്നിൻമുകളിലാണ് ജോണിക്ക് നാല് സെന്റ് ഭൂമി അനുവദിച്ചത്. കാഴ്ചയില്ലാത്ത ജോണിക്ക് ഇവിടെ എത്തിപ്പെടാനുള്ള ദുരിതവും മണ്ണിടിച്ചിൽ സാധ്യതയും പരിഗണിച്ച് ജില്ലാകലക്ടർ മറ്റൊരു ഭൂമി നൽകാൻ ഉത്തരവിട്ടു. റവന്യൂ വകുപ്പിന്റെ പക്കൽ ഭൂമി ഇല്ലാത്തതിനാൽ പൈനാവിൽ ജില്ലാപഞ്ചായത്തിന്റെ ഭൂമി നൽകാൻ തീരുമാനിച്ചു ഉത്തരവും തയ്യാറാക്കി. പക്ഷെ സ്വകാര്യ വ്യക്തി ഈ ഭൂമി കൈവശപ്പെടുത്തിയതിനാൽ നടപടികൾ നിലച്ചു. 

രാഷ്ട്രീയ സമ്മർദം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കയ്യേറ്റക്കാരന് അനുകൂലമായി നിലപാടെടുത്തു. വേറെ ഭൂമി മതിയെന്ന എഴുതി നൽകണമെന്നാണ് സെക്രട്ടറിയുടെ അന്ത്യശാസനം. 

നിർധനകുടുംബത്തിന് വീട് നിർമിക്കാൻ ജില്ലാ പഞ്ചായത്തിൽ നിന്ന് ഫണ്ട് അനുവദിച്ചെങ്കിലും ഭൂമി ലഭിക്കാത്തതിനാൽ പ്രയോജനമുണ്ടായില്ല. --നിലവിൽ കോട്ടയത്ത് വാടക വീട്ടിലാണ് ജോണിയും കുടുംബവും താമസിക്കുന്നത്.