യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. എന്നാല്‍ സർവീസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ യാത്രികരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപ് തന്നെ ട്രെയിനിലെ ടിക്കറ്റുകൾക്കായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഭൂരിഭാഗം ടിക്കറ്റുകളും നിലവില്‍ വെയിറ്റിങ് ലിസ്റ്റിലേക്ക് മാറിയിരിക്കുകയാണ്.
നവംബര്‍ 3, 4, 5, 6, 7 ദിവസങ്ങളിലേക്കുള്ള തേര്‍ഡ് എസി, സെക്കന്‍ഡ് എസി, ഫസ്റ്റ് എസി ടിക്കറ്റുകളെല്ലാം വെയിറ്റിങ് ലിസ്റ്റിലാണ്. പലതും വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ഉൾപ്പെടെ ബുക്കിങ് പൂര്‍ണമായതാണ് കാണിക്കുന്നത്. ഇനി അടുത്ത ഞായറാഴ്ച അതായത് നവംബര്‍ എട്ടിലേക്ക് മാത്രമാണ് ടിക്കറ്റുള്ളത്. എങ്കിലും എട്ടാം തീയ്യതിയിലും ഫസ്റ്റ് എസി, വെയിറ്റിങ് ലിസ്റ്റിലേക്ക് മാറിയിട്ടുണ്ട്.
ബെംഗളൂരുവിലെ എസ്.എം.വി.ടി (SMVT) സ്റ്റേഷനിൽ നിന്ന് രാത്രി 7:45-ന് പുറപ്പെടുന്ന വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് (ട്രെയിൻ നമ്പർ: 27652) അടുത്ത ദിവസം രാവിലെ 11:55-ന് മുംബൈ സി.എസ്.എം.ടിയിൽ (CSMT) എത്തിച്ചേരും. അനന്ത്പുർ, ഗുണ്ടക്കൽ, റായ്ച്ചൂർ, യാദ്ഗിർ, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നീ എട്ട് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കും. തേർഡ് എസി: ₹2,810, സെക്കൻഡ് എസി: ₹3,630, ഫസ്റ്റ് എസി: ₹4,450 എന്നിങ്ങനെയാണ് ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ.
ട്രെയിനിന്‍റെ ആദ്യ സര്‍വീസ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബെംഗളൂരുവില്‍ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കും. തിങ്കളാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസമാകും ട്രെയിന്‍ സര്‍വീസ് നടത്തുക. 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ തേർഡ് എസി, സെക്കൻഡ് എസി, ഫസ്റ്റ് എസി ക്ലാസുകളാണുള്ളത്.