bengaluru-software-engineer-kidnapped

TOPICS COVERED

ബെംഗളൂരുവിൽ യുവതിയും സുഹൃത്തുക്കളും ചേർന്ന് സോഫ്റ്റ്‌വെയർ എൻജിനീയറെ തട്ടിക്കൊണ്ടുപോയ കേസിൽ വൻ വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയ യുവാവിനെ ആറുമണിക്കൂറിനകം പൊലീസ് മോചിപ്പിച്ചെങ്കിലും, തൊട്ടുപിന്നാലെ ഇയാൾക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് 11 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആന്ധ്രാപ്രദേശ് മദനപ്പള്ളി സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ബി. മഹേന്ദ്ര (23), റൂംമേറ്റ് തരുൺ എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ മർതഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് പത്തോളം പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മഹേന്ദ്രയുടെ പിതാവ് ബി. രമണ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരച്ചിലിൽ ആറുമണിക്കൂറിനുള്ളിൽ തന്നെ മഹേന്ദ്രയെയും തരുണിനെയും കണ്ടെത്തുകയും മോചിപ്പിക്കുകയും ചെയ്തു. തുടർന്ന് തട്ടിക്കൊണ്ടുപോകലിൽ പങ്കെടുത്ത 11 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മഹേന്ദ്രയുടെ സുഹൃത്തായ 21 കാരിയായ യുവതിയും മറ്റ് 10 പേരും ചേർന്നാണ് ഇരുവരേയും തട്ടിക്കൊണ്ടുപോയത്. എന്നാൽ, പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലിന്‍റെ യഥാര്‍ഥ കാരണം പുറത്തുവരുന്നത്. മഹേന്ദ്ര 21 കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായും ഇതിനുള്ള ‘ശിക്ഷ’ എന്ന നിലയ്ക്ക് യുവതിയും സംഘവും മഹേന്ദ്രയെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മഹേന്ദ്ര തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ തട്ടിക്കൊണ്ടുപോയ സംഘത്തിനൊപ്പം യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മഹേന്ദ്രയ്ക്കുമെതിരെ കേസെടുത്തു. ബലാത്സംഗ കുറ്റം ചുമത്തി യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

പ്രതികാരം ചെയ്യുന്നതിനും പണം തട്ടുന്നതിനുമാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയതെന്നാണ് സംഘത്തിലെ മറ്റ് പ്രതികളും മൊഴി നൽകിയിട്ടുള്ളത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഗലേറ്റി രാജ്കുമാർ എന്ന രാജ് (24), 21 കാരിയായ യുവതി, മരിപ്പതി മഞ്ജുനാഥ് എന്ന മഞ്ജു (23), ചെന്നിഗെപ്പള്ളി ലോകനാഥ് (22), ബന്ധ്ലപ്പള്ളി സുഹൈൽ (22), നരേന്ദ്ര റെഡ്ഡി (22), ശിവ സുബ്രഹ്മണ്യം (24), സലീം പാഷ (30), നയീം പാഷ (31), ഷഹബാസ് (26), ഗാലി രാജേഷ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ENGLISH SUMMARY:

A 23-year-old software engineer and his roommate were abducted by a 11-member gang led by a young woman in Bengaluru, sparking a major twist in the case. While police swiftly rescued the victims within six hours of the complaint filed by the engineer's father, investigations revealed that the abduction was retaliation for alleged sexual assault. Consequently, the police arrested all 11 suspects involved in the kidnapping while simultaneously filing a molestation and rape case against the software engineer based on the woman's counter-complaint.