kidnap-pta

പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണിലും പഴകുളത്തും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്ന വാർത്തകളിൽ വ്യക്തത വരുത്തി പൊലീസ്. കൊടുമണ്ണിൽ അഞ്ചാം ക്ലാസുകാരനെ കാറിൽ കയറ്റാൻ ശ്രമിച്ചത് തട്ടിക്കൊണ്ടുപോകാനല്ലെന്നും, വഴിയിൽ നിന്ന കുട്ടിക്ക് ലിഫ്റ്റ് കൊടുക്കാനുള്ള ശ്രമമായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.

വാഹനത്തിൽ ഉണ്ടായിരുന്നത് കൂടൽ സ്വദേശികളായ അമ്മയും മകനുമായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. അതേസമയം, പഴകുളത്ത് ഒൻപത് വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ ദുരൂഹത തുടരുകയാണെന്നും അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിൽ രണ്ടിടങ്ങളിലായി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രിത ശ്രമം നടന്നതായി വാർത്തകൾ വന്നതും നാട്ടുകാരിൽ വലിയ ഭീതി പടർന്നതും. കൊടുമണ്ണിൽ സ്കൂളിലേക്ക് പോകാൻ നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ കാറിൽ കയറ്റാൻ ശ്രമിച്ച സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും വാഹന ഉടമകളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് ലിഫ്റ്റ് നൽകാനുള്ള ശ്രമമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. കൂടൽ സ്വദേശികളായ അമ്മയും മകനും സഞ്ചരിച്ച കാറാണ് അതെന്ന് വ്യക്തമായതോടെ കൊടുമണ്ണിലെ സംഭവത്തിലെ ആശങ്കകൾക്ക് പരിഹാരമായി.

എന്നാൽ, പഴകുളത്ത് മദ്രസാ പഠനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒൻപത് വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാറിലെത്തിയ സംഘം ബലമായി കയറ്റാൻ ശ്രമിച്ചെന്ന സംഭവത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുകയാണ്. കാറിലുണ്ടായിരുന്ന സ്ത്രീയും പുരുഷനും കുട്ടികളോട് ഡോർ തുറന്ന് അകത്തേക്ക് കയറാൻ നിർബന്ധിക്കുകയും. ഈ സംഭവത്തിൽ കുട്ടികളുടെയും ദൃക്സാക്ഷിയുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി. പഴകുളത്തെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനും സംശയാസ്പദമായ വാഹനം കണ്ടെത്താനുമുള്ള അന്വേഷണം വരുംദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Pathanamthitta police have issued a clarification regarding recent rumors of child kidnapping attempts reported in Kodumon and Pazhakulam that sparked widespread panic among locals. Investigations into the Kodumon incident revealed that a mother and son from Koodal were merely offering a lift to a Class 5 student waiting on the road, effectively ruling out any abduction attempt.