travancore-devaswom-board-hq-trivandrum
  • തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ 70 കോടി രൂപയുടെ ഡിജിറ്റലൈസേഷൻ കരാർ കിറ്റ്ഫ്ര മുൻ എം.ഡിയുടെ നേതൃത്വത്തിലുള്ള തട്ടിക്കൂട്ട് ഏജൻസി ആസൂത്രിതമായി സ്വന്തമാക്കിയതായി ഐടി സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ എഴുപത് കോടി ചെലവിലുള്ള ഡിജിറ്റലൈസേഷൻ കരാർ കിറ്റ്ഫ്ര മുൻ എം.ഡിയുടെ നേതൃത്വത്തിലുള്ള തട്ടിക്കൂട്ട് ഏജൻസി സ്വന്തമാക്കി. കിറ്റ്ഫ്രയുടെ ഡയറക്ടർ ബോർഡ് അറിയാതെ ആസൂത്രിതമായി കരാർ സ്വന്തമാക്കിയെന്നാണ് ഐ.ടി സെക്രട്ടറിയുടെ അന്വേഷണത്തിൽ തെളിഞ്ഞത്. ഗുരുതര വീഴ്ചയാണെന്നും കരാർ അടിയന്തരമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്തയച്ചു.

Also Read: മകൻ വാഹനം എടുത്ത് പോയത് അറിഞ്ഞില്ലെന്ന് ജഡ്ജി; ഇന്ന് വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റിന് അനുമതി തേടി

ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളില്‍ രസീത് ഒഴിവാക്കി പൂർണമായും ഡിജിറ്റലിലേക്ക് കടക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. സാമ്പത്തിക തട്ടിപ്പും ആക്ഷേപങ്ങളും ഒഴിവാക്കാനുള്ള ഫലപ്രദമായ മാർഗമായാണ് ദേവസ്വം ബോർഡ് ഇതിനെ കണ്ടത്. എഴുപത് കോടിയുടെ ഈ കരാർ ഉറപ്പിക്കുന്നതിനാണ് കിറ്റ്ഫ്ര മുൻ എം.ഡിയുടെ നേതൃത്വത്തിൽ ആസൂത്രണം നടന്നത്. 

കിറ്റ്ഫ്ര ഡയറക്ടർ ബോർഡ് അറിയാതെ മുൻ എം.ഡി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ടെൻഡറിൽ പങ്കെടുത്തു. കരാർ ലഭിച്ചതോടെ മുൻ എം.ഡിയും ജനറൽ മാനേജരും ഉൾപ്പെടെയുള്ള സംഘം കിറ്റ്ഫ്രയിൽ നിന്നും രാജിവച്ചു. ഡിജിറ്റലൈസേഷൻ ജോലികൾ തുടങ്ങിയതിന് പിന്നാലെ പരാതി ഉയർന്നു. പദ്ധതിക്ക് സർക്കാർ അനുമതിയുണ്ടോ എന്ന അന്വേഷണമുണ്ടായി. ഐ.ടി സെക്രട്ടറിയുടെ അന്വേഷണത്തിൽ തട്ടിക്കൂട്ട് പ്രൊജക്റ്റ് മാനേജ്മെൻ്റ് യൂണിറ്റാണ് കരാർ നേടിയതെന്നും കിറ്റ്ഫ്ര ഭരണസമിതി അറിഞ്ഞിട്ടില്ലെന്നും തെളിഞ്ഞു. ഗുരുതര വീഴ്ചയെന്ന് കാട്ടി ദേവസ്വം സെക്രട്ടറി മന്ത്രിക്ക് റിപ്പോർട്ട് നൽകി. 

Also Read: 90ശതമാനം വോട്ടും എണ്ണി; കിങ് മേക്കേഴ്സ് ആവാന്‍ ജോയിന്റ് ലിസ്റ്റും റാമും, നെതന്യാഹുവിനെ തൂക്കിപ്പുറത്തിടുമെന്ന് അറബ് പാര്‍ട്ടികള്‍   

ശബരിമലയുടെ ഡിജിറ്റലൈസേഷന് ബോര്‍ഡ് സർക്കാരിന്റെ അനുവാദം തേടിയിട്ടില്ല. അനുമതിയുമില്ല. ഗൗരവതരമായ വിവര ചോർച്ചയ്ക്ക് ഉൾപ്പെടെ സാധ്യതയുള്ളതിനാൽ അംഗീകൃത ഏജൻസിയെ ഡിജിറ്റലൈസേഷന് ചുമതലപ്പെടുത്തണം. വീഴ്ചയുണ്ടെങ്കിൽ കരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്തയച്ചു. വിവിധ ഘട്ടങ്ങളിൽ മതിയായ പരിശോധന നടത്തിയാണ് കരാർ ഉറപ്പിച്ചതെന്നും ആശങ്ക പരിഹരിച്ച് കോടതിയുടെയും സർക്കാരിൻ്റെയും മതിയായ അനുമതിയോടെ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി വ്യക്തമാക്കി.

ENGLISH SUMMARY:

A ₹70-crore tender for digitizing temples under the Travancore Devaswom Board, including Sabarimala, was fraudulently secured by a makeshift agency led by a former Managing Director of KITFRA. An investigation by the IT Secretary revealed that former officials bypassed the KITFRA board to win the contract before subsequently resigning from the organization to execute the work privately. Highlighting severe lapses and the potential risk of sensitive data breaches, the Devaswom Minister has written to the Devaswom Board demanding an immediate review of the agreement. In response, the Travancore Devaswom Board stated that the contract was awarded following proper checks and assured that the digitization process will be completed with necessary court and government approvals.