ഇസ്രയേല്‍ പൊതുതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനാകാതെ ഭരണപ്രതിപക്ഷ സഖ്യങ്ങള്‍. പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന്റെ സഖ്യം 54 സീറ്റുകളില്‍ ലീഡ് നേടി മുന്നിലെത്തി. 48 സീറ്റുകളിലാണ് പ്രതിപക്ഷ സഖ്യത്തിന് ലീഡ്. തൂക്കുസഭയ്ക്ക് സാധ്യത തെളിഞ്ഞതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായേക്കും
ബെന്യാമിന് നെതന്യാഹുവിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ ലികുഡ് പാര്‍ട്ടി നയിക്കുന്ന ഭരണകക്ഷി സഖ്യത്തിന് കേവലഭൂരിപക്ഷത്തിന് ആവശ്യമായ 61 എന്ന മാജിക് നമ്പറിലേക്ക് എത്താനായില്ല. 70 ശതമാനത്തിലേറെ വോട്ടുകള്‍ എണ്ണിയപ്പോള്‍ 54 സീറ്റുകളിലാണ് നെതന്യാഹുവിന്റെ സഖ്യം മുന്നേറുന്നത്. മുന്‍ സൈനികമേധാവി ഗാദി ഐസന്‍കോട്ടിന്റെ യാഷാര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യം 48 സീറ്റുകളിലാണ് ലീഡ് നേടിയത്. 27 സീറ്റുകള്‍ ഉറപ്പിച്ച നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റകകക്ഷി.
Also read: പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുക അറബ് പാര്‍ട്ടികള്‍! തിരഞ്ഞെടുപ്പിലും തീരാത്ത മല്‍സരം
യാഷാര്‍ പാര്‍ട്ടിയാണ് രണ്ടാമത്. യുണൈറ്റഡ് അറബ് ലിസ്റ്റിന്റെ നേതൃത്വത്തിലുള്ള അറബ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. അറബ് സഖ്യത്തിന് 18 സീറ്റുകളുണ്ട്. അറബ് സഖ്യത്തിന്റ വന്‍മുന്നേറ്റം സര്‍ക്കാര്‍ രൂപീകരണം സങ്കീര്‍ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വീണ്ടും അധികാരത്തിലേറുമെന്ന് നെതന്യാഹുവും സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന് ഐസന്‍കോട്ടും അവകാശവാദമുന്നയിച്ചു. നവംബര്‍ നാലിനാണ് അന്തിമതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. അന്തിമഫലം വരുമ്പോള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അനുകൂല സാഹചര്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭരണ, പ്രതിപക്ഷങ്ങള്‍