ബെന്യമിൻ നെതന്യാഹുവും ഗാഡി ഐസെൻകോട്ടും
പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിനും പ്രതിപക്ഷ നേതാവ് ഗാദി ഐസെൻകോട്ടിനും നിര്‍ണായകമാണ് ഇസ്രയേലിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 27 നു രാത്രി 10 മണിയോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും ഇസ്രയേലിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഉടനെ ഉത്തരമാകില്ല. സഖ്യചര്‍ച്ചകള്‍ക്കായി ദീര്‍ഘനാള്‍ സമയം അനുവദിക്കുന്നതാണ് ഇസ്രയേലിന്റെ പാര്‍ലമെന്ററി സംവിധാനം. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ഒരുകക്ഷിക്കും ലഭിച്ചില്ലെങ്കില്‍ വരും മാസങ്ങളില്‍ വീണ്ടും ഇസ്രയേല്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും.
ഓരോ പാര്‍ട്ടിക്കും തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സീറ്റിനൊപ്പം 120 അംഗ ഇസ്രയേൽ പാർലമെന്റായ നെസറ്റില്‍ മറ്റു കക്ഷികളുടെ പിന്തുണ ഉറപ്പാക്കാനായാലേ ഭരിക്കാന്‍ സാധിക്കു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് നേരിട്ട് വോട്ടു ചെയ്യുന്നതല്ല ഇസ്രയേലിലെ രീതി. പാര്‍ലമെന്റിലെ സീറ്റുകളിലേക്ക് മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഇസ്രയേലിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്യുന്നത്. 120 അംഗ പാര്‍ലമെന്റില്‍ 61 സീറ്റു നേടിയാല്‍ ഭൂരിപക്ഷം ഉറപ്പിക്കാം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഘട്ടത്തില്‍ വിവിധ പാര്‍ട്ടികളുടെ സഖ്യമായി ഭരിക്കാം.
ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയാണ് ഇസ്രയേലിലെ പതിവ് രീതി. ഇത്തവണയും തിരഞ്ഞെടുപ്പ് ഫലം വ്യക്തമായാല്‍ അടുത്ത സഖ്യ സര്‍ക്കാറിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. അതായത് തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ബെന്യാമിന് നെതന്യാഹുവും ഗാദി ഐസെൻകോട്ടും തമ്മിലുള്ള മത്സരം ഏത് വിഭാഗത്തിന് 61 സീറ്റ് നേടാന്‍ സാധിക്കും എന്നതിലായിരിക്കും.
Also Read: 'ബാലറ്റില്‍ തിരഞ്ഞെടുപ്പ് നടത്തിയിട്ടും തോറ്റു'! കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി
നിലവിലുള്ള സഖ്യങ്ങളിലൂടെ നെതന്യാഹുവിനോ ഐസെൻകോട്ടിനോ ഭൂരിപക്ഷം നേടാൻ കഴിയുന്നില്ലെങ്കിൽ അറബ് പാർട്ടികൾക്ക് ഫലം തീരുമാനിക്കുന്നതിൽ നിര്‍ണായമാകും. ഇരുവരും അറബ് പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി സഖ്യത്തില്‍ ചേരാതെ തന്നെ ആരു ഭരിക്കണം എന്നു തീരുമാനിക്കാന്‍ അറബ് പാര്‍ട്ടികള്‍ക്ക് സാധിക്കും. ഐസെൻകോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെ അറബ് പാര്‍ട്ടികള്‍ക്ക് പുറത്തു നിന്നും പിന്തുണയ്ക്കാന്‍ സാധിക്കും. അല്ലെങ്കില്‍ പാര്‍ലമെന്റിലെ വോട്ടിങ് സമയത്ത് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് സര്‍ക്കാറിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ അറബ് പാര്‍ട്ടികള്‍ക്കാകും.
പാര്‍ലമെന്റില്‍ രണ്ട് ക്യാംപുകളുടെയും സീറ്റ് നില ഏകദേശം തുല്യമായി വരികയും സ്വതന്ത്രമായി സർക്കാർ രൂപീകരിക്കാൻ തക്കവണ്ണം മതിയായ സീറ്റുകൾ ലഭിക്കാതിരിക്കുകയും ചെയ്താല്‍ അറബ് പാര്‍ട്ടികള്‍ നിര്‍ണായകമാകും. പ്രതിപക്ഷം 52 മുതല്‍ 53 വരെ സീറ്റുകളില്‍ ജയിച്ചേക്കാമെന്നും നെതന്യാഹുവിന് ഏകദേശം 50 സീറ്റുകളിലേ സാധ്യതയുള്ളൂവെന്നുമാണ് ചാനല്‍ 11,12,13 എന്നിവരുടെ എക്സിറ്റ്പോള്‍. എന്നിരുന്നാലും ലിക്കുഡ് പാര്‍ട്ടി 24–25 സീറ്റുകളോടെ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായേക്കുമെന്നും എക്സിറ്റ്പോള്‍. അറബ് പാര്‍ട്ടികള്‍ക്ക് 17 സീറ്റുകള്‍ വരെ ചില എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നുണ്ട്.
Also Read: ഇസ്രയേലില്‍ മികച്ച പോളിങ്; യുവജനങ്ങളുടെ വന്‍പങ്കാളിത്തം; നെഞ്ചിടിപ്പോടെ ബെന്യാമിന് നെതന്യാഹു
ഇസ്രയേലിൽ ഇതുവരെ ഒരു പാർട്ടിക്കും പൂർണഭൂരിപക്ഷം ലഭിച്ചിട്ടാത്തതിനാൽ സഖ്യ സർക്കാറാണ് എല്ലായ്പ്പോഴും ഭരിച്ചിട്ടുള്ളത്. വോട്ടെണ്ണൽ പൂർത്തിയായതിനുശേഷം സർക്കാർ രൂപീകരിക്കാൻ സാധ്യതയുള്ള നേതാവിനെ ഇസ്രയേൽ പ്രസിഡന്റ് ക്ഷണിക്കും. 28 ദിവസം വരെയാണ് സഖ്യസർക്കാർ രൂപീകരിക്കാനുള്ള സമയം. ആവശ്യമെങ്കിൽ 14 ദിവസം സമയം നീട്ടിവാങ്ങാം. ഈ സമയത്തും സഖ്യസർക്കാർ രൂപീകരിക്കാനായില്ലെങ്കിൽ പ്രസിഡന്റ് അടുത്ത നേതാവിനെ ക്ഷണിക്കും. മൂന്നു നേതാക്കൾക്ക് ഇത്തരത്തിൽ അവസരം നൽകിയ ശേഷവും സർക്കാർ രൂപീകരിക്കാനായില്ലെങ്കിൽ പുതിയ തിരഞ്ഞെടുപ്പിലേക്ക് പോകും. പാർട്ടികൾക്ക് ധാരണയിലെത്താൻ സാധിക്കാത്തതിനാൽ 2019-നും 2022-നും ഇടയിൽ ഇസ്രയേലിൽ ഒന്നിന് പിറകെ ഒന്നായി അഞ്ച് തവണയാണ് തിരഞ്ഞെടുപ്പുകൾ നടത്തേണ്ടി വന്നത്.