Image: Reuters

Image: Reuters

  • 'ഇടത്– അറബ് പാര്‍ട്ടികളുടെ കയ്യില്‍ രാജ്യത്തെ കൊടുക്കാന്‍ പറ്റില്ലെന്നും അവര്‍ ജൂതരാഷ്ട്രത്തിന്റെ അന്തകരാകുമെന്നും നെതന്യാഹു

ഇസ്രയേല്‍ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് ഭൂരിപക്ഷമില്ലെന്ന് ആദ്യ എക്സിറ്റ്​പോള്‍  ഫലങ്ങള്‍. പ്രതിപക്ഷത്തിന് നേരിയ സാധ്യതയെന്നുമാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ശേഷമുള്ള രാജ്യത്തെ നിര്‍ണായക തിരഞ്ഞെടുപ്പില്‍ വലിയ പോളിങാണ് രേഖപ്പെടുത്തിയിരുന്നത്. Also Read:മികച്ച പോളിങ്; യുവജനങ്ങളുടെ വന്‍പങ്കാളിത്തം; നെഞ്ചിടിപ്പോടെ ബെന്യാമിന്‍ നെതന്യാഹു

ഗാദി ഐസന്‍കോട്ട്  നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന് നെതന്യാഹുവിന്‍റെ ലിക്കുഡ് പാര്‍ട്ടിക്ക് മേല്‍ നേരിയ ആധിപത്യമെന്നാണ് ഇസ്രയേലി ടെലിവിഷനുകളുടെ എക്സിറ്റ്​പോള്‍ ഫലം. ഇസ്രയേലി അറബ് പാര്‍ട്ടികള്‍ പുതിയ പാര്‍ലമെന്‍റില്‍ നിര്‍ണായക ശക്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെയുള്ള 120 സീറ്റില്‍ 61 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയാണ് ഇസ്രയേലിലെ പതിവ് രീതി.

പ്രതിപക്ഷം 52 മുതല്‍ 53 വരെ സീറ്റുകളില്‍ ജയിച്ചേക്കാമെന്നും നെതന്യാഹുവിന് ഏകദേശം 50 സീറ്റുകളിലേ സാധ്യതയുള്ളൂവെന്നുമാണ് ചാനല്‍ 11,12,13 എന്നിവരുടെ എക്സിറ്റ്​പോള്‍. എന്നിരുന്നാലും ലിക്കുഡ് പാര്‍ട്ടി 24–25 സീറ്റുകളോടെ പാര്‍ലമെന്‍റിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായേക്കുമെന്നും എക്സിറ്റ്​പോള്‍. 'ഇടത്– അറബ് പാര്‍ട്ടികളുടെ കയ്യില്‍ രാജ്യത്തെ കൊടുക്കാന്‍ പറ്റില്ലെന്നും അവര്‍ ജൂതരാഷ്ട്രത്തിന്റെ അന്തകരാകുമെന്നും നെതന്യാഹു ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 75 ശതമാനം പോളിങാണ് ഇസ്രയേലിലാകെ രേഖപ്പെടുത്തിയത്. 

രണ്ട് പതിറ്റാണ്ടിനടുത്ത് ഇസ്രയേലിന്‍റെ പ്രധാനമന്ത്രി പദത്തിലിരുന്ന നെതന്യാഹു ഹമാസിനെ ഉന്‍മൂലനം ചെയ്യുമെന്നും ഇറാനെതിരായ യുദ്ധം തുടരുമെന്നുമാണ് തിരഞ്ഞെടുപ്പ് ദിനത്തിലും ആവര്‍ത്തിച്ചത്. വോട്ടെടുപ്പിന് തൊട്ടുമുന്‍പും ജനങ്ങളെ ഭീതിപ്പെടുത്തല്‍ നെതന്യാഹു തുടര്‍ന്നിരുന്നു. ടെല്‍ അവീവിന് മേല്‍ ആണവായുധം പ്രയോഗിക്കപ്പെട്ടതായുള്ള എഐ നിര്‍മിത ചിത്രം പങ്കുവച്ചായിരുന്നു തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സമൂഹമാധ്യമങ്ങളിലൂടെ നെതന്യാഹുവിന്‍റെ പ്രചാരണം. ഇറാന്‍ ആണവായുധം സ്വന്തമാക്കിയാല്‍ ഇസ്രയേല്‍ എന്നൊരു രാജ്യം ശേഷിക്കില്ലെന്നും ഇറാനില്‍ ഇപ്പോള്‍ തുടങ്ങിവച്ചിരിക്കുന്ന നടപടി പൂര്‍ത്തീകരിക്കാന്‍ ജനങ്ങള്‍ ഒപ്പം നില്‍ക്കുകയാണ് വേണ്ടതെന്നുമായിരുന്നു നെതന്യാഹുവിന്‍റെ വാദം. 

ഇസ്രയേല്‍ രൂപീകൃതമായതില്‍ ഇന്നുവരേയുണ്ടായതില്‍ ഏറ്റവും മോശം സര്‍ക്കാര്‍ എന്നായിരുന്നു നേതന്യാഹുവിന്‍റെ സര്‍ക്കാരിനെ തിരഞ്ഞെടുപ്പിന് ശേഷം ഐസന്‍കോട്ട് വിശേഷിപ്പിച്ചത്. ഇങ്ങനെയൊരു സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇസ്രയേലിലെ ജനം വോട്ടു ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഗാസയിലെ പോരാട്ടത്തില്‍ കൊല്ലപ്പെട്ട മകന്‍ ഗാലിന്‍റെ കല്ലറയിലെത്തിയ ശേഷമാണ് ഐസന്‍കോട്ട് വോട്ടിടാനെത്തിയത്. 

7.3 ദശലക്ഷം ആളുകള്‍ക്കാണ് ഇസ്രയേലില്‍ വോട്ടവകാശമുള്ളത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പതിനായിരക്കണക്കിന് ഇസ്രയേലികള്‍ സ്വദേശത്തേക്ക് എത്തിയിരുന്നു. 'രാജ്യം അതിന്‍റെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്നു. അത് രാജ്യത്തുള്ള ജൂതന്‍മാര്‍ക്കും അറബികള്‍ക്കും പുറത്തുള്ള ജൂതന്‍മാര്‍ക്കും അങ്ങനെ തന്നെ. ഇപ്പോള്‍ വേണ്ടത് ചെയ്തില്ലെങ്കില്‍ രാജ്യം നിലനില്‍ക്കില്ലെന്നും നിലനില്‍പ്പിന് വേണ്ടിയാണ് വോട്ടിടാനെത്തിയതെന്നുമായിരുന്നു കാനഡയില്‍ നിന്നും പറന്നെത്തി വോട്ട് ചെയ്ത ഇലിയാന സിസ്ബില്‍റ്റ് എഎഫ്പിയോട് പ്രതികരിച്ചത്.

ENGLISH SUMMARY:

Israeli Prime Minister Benjamin Netanyahu appears to have fallen short of securing a parliamentary majority, according to initial exit polls following a crucial election held amid heightened security concerns. Exit polls released by Israeli television channels 11, 12 and 13 suggest that the opposition, led by Gadi Eisenkot, could win around 52–53 seats, compared with approximately 50 seats for Netanyahu's bloc. However, Netanyahu's Likud party is projected to emerge as the single largest party with 24–25 seats, while Arab parties could play a decisive role in government formation