Image: Reuters

Image: Reuters

ഇസ്രയേലില്‍ തിരഞ്ഞെടുപ്പാണ്. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വാഴുമോ വീഴുമോ? അതാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാനെതിരെയും ഹമാസ്,ഹിസ്ബുല്ല എന്നിവര്‍ക്കെതിരെയും യുദ്ധം നടത്തുന്ന നെതന്യാഹുവിന് യുദ്ധം അനുഗ്രഹമാകുമോ അതോ തിരിച്ചടിയാകുമോ? ‌2023ല്‍ ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനും തുടര്‍ന്ന് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കും ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.

മറ്റുരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വ്യക്തികള്‍ക്കല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ജനം വോട്ടുചെയ്യുന്നത്. ഏറ്റവും വലിയ ഒറ്റക്കകക്ഷി എന്നതിനപ്പുറം കൂട്ടുസഭയാണ് പതിവ്. പല ചെറിയ പാര്‍ട്ടികള്‍ മല്‍സരിക്കുകയും തിര​ഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിക്കുകയും ചെയ്യും. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലികുഡ് പാര്‍ട്ടിയും തീവ്രവലതുപക്ഷ സഖ്യകക്ഷികളും കടുത്ത മല്‍സരമാണ് നേരിടുന്നത്. പരമ്പരാഗത ജൂത വോട്ടര്‍മാരും തൊഴിലാളി വര്‍ഗവുമാണ് ലികുഡിനെ പിന്തുണയ്ക്കുന്നത്. 2022 ലെ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിന്റെ നാലിലൊന്നും നേടിയാണ് നെതന്യാഹുവിന്റെ സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 1988നുശേഷം ആദ്യമായാണ് ഇസ്രയേലില്‍ ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്. 

പക്ഷേ, ഇത്തവണ നെതന്യാഹുവിന്റെ മുന്‍പില്‍ പല വെല്ലുവിളികളുമുണ്ട്. അത് അവസരമാണെന്നാണ് നെതന്യാഹുവിന്റെ പക്ഷം. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന ഇസ്രയേല്‍ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ്. നെതന്യാഹു ഈ വാര്‍ത്ത തള്ളുകയും യുഎഇ സ്ഥിരീകരിക്കാതിരിക്കുകയും ചെയ്തെങ്കിലും മുന്നറിയിപ്പുണ്ടായിട്ടും രാജ്യത്തെ രക്ഷിക്കാന്‍ നെതന്യാഹുവിനായില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നാല്‍, ചരിത്രത്തില്‍ ഇതുവരെയില്ലാത്തവിധം ഹമാസിനെ തച്ചുടച്ചത് നെതന്യാഹുവിന്റെ വലിയ വിജയമാണെന്നാണ് അവകാശവാദം. ഒപ്പം ഇറാനെതിരായി ട്രംപുമായി ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളെയും നെതന്യാഹു രാജ്യസുരക്ഷയ്ക്കായെടുത്ത നടപടിയെന്ന പേരില്‍ പ്രചരണവിഷയമാക്കിയിട്ടുണ്ട്. 

ഇസ്രയേല്‍ ജനങ്ങളെ അഭിസംബോധന ചെയ്തുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കത്തും നെതന്യാഹു ഉയര്‍ത്തിക്കാട്ടുന്നുണ്ട്. രാജ്യത്തിന്റെ ഏകരക്ഷകന്‍ താനാണെന്ന് നെതന്യാഹു ആവര്‍ത്തിക്കുന്നു. എന്നാല്‍ മറുപക്ഷത്ത്, രാജ്യം നേരിട്ട വലിയ ആക്രമണത്തെ തടയാനാകാത്ത, അഴിമതി ആരോപണങ്ങള്‍ നേരിടുന്ന, വിലക്കയറ്റമടക്കം പ്രശ്നങ്ങളെ കാണാത്ത ഭരണാധികാരിയാണ് നെതന്യാഹുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.  മുന്‍ സൈനിക മേധാവി ഗാഡ‍ി ഐസന്‍കോട്ട് നയിക്കുന്ന യഷാര്‍ പാര്‍ട്ടിയാണ് നെതന്യാഹുന് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നത്. വിവിധഅഭിപ്രായ സര്‍വേകളില്‍ ഐസന്‍കോട്ടിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യയ്‌ര്‍ ലപീദും നെതന്യഹുവിനെ പുറത്താക്കാന്‍  വീണ്ടും  കൈകോർത്തിട്ടുണ്ട്. 20 ശതമാനം അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന  യുണൈറ്റഡ് അറബ് ലിസ്റ്റ്, ദ ജോയിന്റ് ലിസ്റ്റ് തുടങ്ങിയ പാർട്ടികൾക്കും ഈ തിരഞ്ഞെടുപ്പിൽ നിർണായക പങ്കുണ്ട്. ‌

ഇസ്രയേല്‍ ഔദ്യോഗികമായി രൂപീകരിച്ചശേഷം ഇസ്രയേലില്‍ ജനിച്ച ആദ്യ പ്രധാനമന്ത്രിയായ നെതന്യാഹുവിന് ഈ തിരഞ്ഞെടുപ്പ് അതിജീവനപ്പോരാട്ടമാണ്. രാജ്യത്ത് അഴിമതിയടക്കം ആരോപണങ്ങള്‍, രാജ്യത്തിന് പുറത്ത് യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അറസ്റ്റ് വാറന്റ് അടക്കമുള്ളവ നേരിടുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ജയിലിലേക്ക് പോകേണ്ടിവരുമെന്ന ആശങ്ക നെതന്യാഹുവിനുണ്ട്. ജയിച്ചാല്‍ നെതന്യാഹു കൂടുതല്‍ കരുത്തനാകും. അതിനാല്‍തന്നെ ഈ തിരഞ്ഞെടുപ്പ് ഫലം മേഖലയ്ക്കും ലോകത്തിനും നിര്‍ണായകമാകും. 

ENGLISH SUMMARY:

The 2026 Israeli general election presents a critical political crossroads for Prime Minister Benjamin Netanyahu and the Middle East region. This marks the first national election since the October 7, 2023 Hamas attacks and the subsequent multi-front conflict in Gaza, Lebanon, and Iran. Netanyahu, leading the right-wing Likud party, frames himself as Israel’s ultimate protector, leveraging security measures against Iran and an endorsement from US President Donald Trump. However, he faces immense pressure over intelligence failures regarding October 7, lingering corruption charges, high inflation, and international isolation.