karnataka-legislative-council-election-jds-defeats-congress-bengaluru-teachers

ജെഡിഎസ് സ്ഥാനാര്‍ഥി എ.പി.രംഗനാഥ് (ഇടത്ത്), എച്ച്.ഡി.കുമാരസ്വാമി (വലത്)

  • എംഎല്‍സി തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി സര്‍ക്കാരിന്‍റെ നിലനില്‍പ്പിനെ ബാധിക്കില്ല. 75 അംഗ കര്‍ണാടക ലെജിസ്​ലേറ്റീവ് കൗണ്‍സിലില്‍ 38 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 24 ഉം ജെഡിഎസിന് ആറും ഒരാള്‍ സ്വതന്ത്രനുമാണ്. സലിം അഹമ്മദാണ് ചെയര്‍മാന്‍. സര്‍ക്കാര്‍ നോമിനികളുടെ അഞ്ചു സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്

കര്‍ണാടക ലെജിസ്​ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലം സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് ജെഡിഎസ് സ്ഥാനാര്‍ഥിയിലൂടെ എന്‍ഡിഎ പിടിച്ചെടുത്തു. കോണ്‍ഗ്രസിന്‍റെ സിറ്റിങ് എംഎല്‍സി പുട്ടണ്ണയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എ.പി.രംഗനാഥിനോട് പരാജയപ്പെട്ടത്. ഫലം വന്നതിന് പിന്നാലെ ബാലറ്റില്‍ തിരഞ്ഞെടുപ്പ് നടത്തിയിട്ടും കോണ്‍ഗ്രസ് തോറ്റുവെന്ന് ജെഡിഎസ് നേതാവ് നിഖില്‍ കുമാരസ്വാമി പരിഹസിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വഴി ക്രമക്കേട് നടത്തിയാണ് ജയിച്ചതെന്ന് ഇനിയും പറയുമോ എന്നും രാഹുല്‍ ഗാന്ധിയെ മെന്‍ഷന്‍ ചെയ്ത് നിഖില്‍ എക്സില്‍ കുറിച്ചു. 'പഴി കേള്‍ക്കാന്‍ ഇവിഎം ഇല്ല. ഭരണവും നിങ്ങളുടെ കയ്യില്‍, തിര‍ഞ്ഞെടുപ്പ് നടത്തിയത് ബാലറ്റിലും. എന്നിട്ടും എന്‍ഡിഎയുടെ എ.പി.രംഗനാഥ് ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലെ എംഎല്‍സിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ എന്ത് ന്യായീകരണം നല്‍കും? പേപ്പര്‍ ചോരിയെന്നോ?'- നിഖില്‍ കുറിച്ചു. 

ജെഡിഎസ് നേതാവായ രംഗനാഥ് ബിജെപി–ജെഡിഎസ് സഖ്യ സ്ഥാനാര്‍ഥിയായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 10,810 വോട്ടുകളാണ് രംഗനാഥ് നേടിയത്. പുട്ടണ്ണയ്ക്ക് 9,902 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. 908 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജെഡിഎസ് സീറ്റ് പിടിച്ചു. 

2023 ലാണ് പുട്ടണ്ണ ജെഡിഎസ് വിട്ട് കോണ്‍ഗ്രസിലെത്തിയത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ഈ ചാട്ടം. പുട്ടണ്ണയും  രംഗനാഥും വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ളവരാണെന്നതും വോട്ട് ഭിന്നിക്കാന്‍ കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, ഉപമുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് ബി.കെ.ഹരിപ്രസാദ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി നേരിട്ട് പ്രചാരണത്തിനിറങ്ങിയിരുന്നു.

ബെംഗളൂരുവിലെ നാല് ലെജിസ്​ലേറ്റീവ് കൗണ്‍സിലുകളിലേക്കാണ് ഒക്ടോബര്‍ 23ന് തിര‍ഞ്ഞെടുപ്പ് നടന്നത്. മറ്റ് മൂന്ന് മണ്ഡലങ്ങളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് ഈസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തില്‍ ബിജെപിയുടെ കെ.എം.സുരേഷാണ് കോണ്‍ഗ്രസിന്‍റെ ശശി ഹുലികുന്‍ഡെ മഠിനെതിരെ ലീഡ് ചെയ്യുന്നത്. നോര്‍ത്ത് ഈസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിങ് എംഎല്‍സി സഷില്‍ ജി.നമോഷിയും മുന്നേറുകയാണ്. ശരണപ്പ മട്ടൂര്‍ ആണ് ഇവിടെ കോണ്‍ഗ്രസിനായി മല്‍സരിച്ചത്. വെസ്റ്റ് ഗ്വാജ്വേറ്റ്സ് മണ്ഡലത്തിലും ബിജെപിയുടെ സിറ്റിങ് എംഎല്‍സി എസ്.വി.ശങ്കനൂരിനാണ് ലീഡ്. മോഹന്‍ ലിംബികൈയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 

അതേസമയം, എംഎല്‍സി തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി സര്‍ക്കാരിന്‍റെ നിലനില്‍പ്പിനെ ബാധിക്കില്ല. 75 അംഗ കര്‍ണാടക ലെജിസ്​ലേറ്റീവ് കൗണ്‍സിലില്‍ 38 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 24 ഉം ജെഡിഎസിന് ആറും ഒരാള്‍ സ്വതന്ത്രനുമാണ്. സലിം അഹമ്മദാണ് ചെയര്‍മാന്‍. സര്‍ക്കാര്‍ നോമിനികളുടെ അഞ്ചു സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്.

ചരിത്രജയമാണ് രംഗസ്വാമിയുടേത് എന്നായിരുന്നു ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയുടെ പ്രതികരണം. ബിജെപി–ജെഡിഎസ് സഖ്യത്തിന്‍റെ കരുത്താണ് തെളിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. 'നുണകളെയും കെടുകാര്യസ്ഥതയെയും ,മണി പവറിനെയും മസില്‍ പവറിനെയും മറികടന്ന ജയമാണിത്. അധികാരഹുങ്കിനെയും പ്രലോഭനങ്ങളെയും തള്ളിക്കളഞ്ഞ അധ്യാപകരെ അഭിനന്ദിക്കുന്നു' എന്നായിരുന്നു കുമാരസ്വാമി എക്സില്‍ കുറിച്ചത്. 

എന്തുകൊണ്ട് ബാലറ്റ് പേപ്പര്‍? സിംഗിള്‍ ട്രാന്‍സ്ഫറബിള്‍ വോട്ടായതിനാല്‍ പേപ്പര്‍ ബാലറ്റാണ് എംഎല്‍സി തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. വോട്ടിങ് മെഷീനുകളില്‍ ഒരാള്‍ക്ക് ഒന്നിലധികം സ്ഥാനാര്‍ഥികള്‍ക്ക് റാങ്കിങ് നല്‍കാനുള്ള സംവിധാനമില്ലാത്തതിനാലാണ് ഇത്. ബൂത്തില്‍ നിന്ന് തന്നെ നല്‍കുന്ന പ്രത്യേക വയലറ്റ് മഷിപ്പേനയാണ് ബാലറ്റില്‍ എഴുതാന്‍ നല്‍കുന്നതും. വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള കോളങ്ങളില്‍ അക്കങ്ങള്‍ ഉപയോഗിച്ച് മുന്‍ഗണന രേഖപ്പെടുത്താം. അക്ഷരങ്ങളോ മറ്റ് ചിഹ്നങ്ങളോ ഇട്ടാല്‍ വോട്ട് അസാധുവാകുകയും ചെയ്യും.

ENGLISH SUMMARY:

The Congress suffered a setback in the Bengaluru Teachers constituency of the Karnataka Legislative Council elections, with NDA candidate A.P. Ranganath of the JD(S) defeating sitting Congress MLC Puttanna. Ranganath secured 10,810 votes against Puttanna’s 9,902, winning the seat by a margin of 908 votes. Following the result, JD(S) leader Nikhil Kumaraswamy took a dig at Rahul Gandhi and the Congress, questioning their criticism of electronic voting machines after the election was conducted using ballot papers. The result comes amid the Congress’s demands for ballot-based elections and scrutiny of electoral processes, while the BJP was also reported to be leading in the other three Bengaluru Legislative Council constituencies.