ബിഹാറില്‍ വീണ്ടും നേട്ടമുണ്ടാക്കി പ്രശാന്ത് കിഷോറിന്‍റെ ജന്‍ സുരാജ് പാര്‍ട്ടി. ബിഹാറിലെ ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റ് ജന്‍ സുരാജ് പാര്‍ട്ടി പിടിച്ചെടുത്തത്. 324 വോട്ടിനാണ് ജന്‍ സുരാജ് സ്ഥാനാര്‍ഥി സുരേഷ് പ്രസാദ് റായ് കോണ്‍ഗ്രസിന്‍റെ എംഎല്‍സി മദന്‍ മോഹനെ പരാജയപ്പെടുത്തിയത്. ബിഹാര്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലെ എട്ട് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് എന്‍ഡിഎയും രണ്ട് സീറ്റുകളില്‍ സ്വതന്ത്രരുമാണ് ജയിച്ചത്. ജന്‍ സുരാജ് സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബങ്കിപ്പുരില്‍ നിന്ന് ജയിച്ച് എംഎല്‍യായിരുന്നു.
മുന്‍പ് ബിജെപി സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ മല്‍സരിച്ചയാളാണ് നിലവില്‍ ജയിച്ച പ്രസാദ് റായ്. അന്ന് രണ്ടാമതുമെത്തിയിരുന്നു. ഇത്തവണ തുടക്കം മുതല്‍ പ്രസാദ് റായാണ് ലീഡെടുത്തത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുന്‍പ് പ്രസാദ് റായ് കൗണ്ടിങ് സെന്‍ററില്‍ നിന്ന് മടങ്ങുകയും ചെയ്തിരുന്നു. മഹാസഖ്യത്തിന്‍റെ ഭാഗമാണെങ്കിലും കോണ്‍ഗ്രസും ആര്‍ജെഡിയും സിപിഎമ്മും സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഇത് ജന്‍ സുരാജിന് ഗുണം ചെയ്തത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും വിശാല സഖ്യത്തിന്‍റെ ഭാഗമായ കക്ഷികള്‍ 'സൗഹൃദ മല്‍സരം' നടത്തിയത് എന്‍ഡിഎയ്ക്കാണ് ഗുണം ചെയ്തത്. വോട്ട് ഭിന്നിച്ച് പോയതോടെ പന്ത്രണ്ടോളം സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറുകയായിരുന്നു.
നേരത്തേ ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും പട്ന ടീച്ചേഴ്സ്, പട്ന ഗ്രാജുവേറ്റ്സ്, ദര്‍ഭാങ്ക ടീച്ചേഴ്സ്, ദര്‍ഭാങ്ക ഗ്രാജ്വേറ്റ്, കോസി ഗ്രാജ്വേറ്റ്സ് മണ്ഡലങ്ങളില്‍ പരസ്പരം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ആര്‍ജെഡിക്ക് ഒരിടത്തും ജയിക്കാനായില്ല. കോണ്‍ഗ്രസാവട്ടെ ദര്‍ഭാങ്ക ടീച്ചേഴ്സ് മണ്ഡലത്തില്‍ ജയിക്കുകയും ചെയ്തു. ഈ സീറ്റാണ് ഇപ്പോള്‍ നഷ്ടമായത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്നായിരുന്നു ആര്‍ജെഡിയുടെ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് അഞ്ച് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെ കുമാര്‍ റൗട്ടിനെ ആര്‍ജെഡി സ്ഥാനാര്‍ഥിയാക്കി. സിപിഎം രമാദേവിയെ അവരുടെ സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. 2574 വോട്ടുകളാണ് മണ്ഡലത്തില്‍ ആകെ പ്രസാദ് റായ് നേടിയത്. മദന്‍ മോഹന്‍ ഝാ 2187 ഉം രമാദേവി 1,498 ഉം കുമാര്‍ റൗട്ട് 126 ഉം വോട്ടുകള്‍ നേടി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഝാ ആയിരുന്നു മണ്ഡലത്തില്‍ ജയിച്ചത്. മഹാസഖ്യ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു ഝാ.