AI Generated image
ബെംഗളൂരുവില്‍ നഗരത്തിലെ ഹലസൂരുവിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വിദേശികള്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. രക്ഷിക്കാൻ ശ്രമിച്ച അമേരിക്കൻ വിനോദസഞ്ചാരിക്കും ഹോട്ടലിലെ പൂൾ അറ്റൻഡന്റിനും പരുക്കേറ്റു.
ജർമൻ പൗരനും ലുഫ്താൻസ വിമാനക്കമ്പനിയിലെ ജീവനക്കാരനുമായ അലക്സാണ്ടർ മാക്സിമിലിയൻ തീസ് (57), സ്ലോവാക് പൗരനും ഐബിഎമ്മിൽ പ്രോജക്ട് മാനേജറുമായ ജുറാജ് ഹോർവാത്ത് (45) എന്നിവരാണ് മരിച്ചത്. നഗരത്തിലെ കോൺറാഡ് ഹോട്ടലിന്റെ മൂന്നാം നിലയിലുള്ള സ്വിമ്മിങ് പൂളിൽ വൈകിട്ട് 5.30ഓടെയാണ് അപകടമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.
നീന്തുന്നതിനിടെ ഇരുവർക്കും വൈദ്യുതാഘാതമേറ്റെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമേരിക്കൻ പൗരനായ മാത്യു ഡി സാന്റിസിനും (41) ഹോട്ടലിലെ പൂൾ അറ്റൻഡന്റും ലൈഫ് ഗാർഡുമായ രാഹുൽ തിവാരിക്കും (28) പരുക്കേറ്റത്. ഇരുവരെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അപകടനില തരണം ചെയ്തതായാണ് വിവരം.
വൈദ്യുത തകരാറുകൾ, സ്വിമ്മിങ് പൂളിലെ സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
ജുറാജ് ഒക്ടോബർ 30ന് കുടുംബത്തോടൊപ്പമാണ് ഹോട്ടലിൽ എത്തിയത്. അലക്സാണ്ടർ ഒക്ടോബർ 20ന് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തിരുന്നു. ജുറാജിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ മാനേജ്മെന്റിനെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് ഹലസൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് പരിശോധന തുടരുകയാണ്. വൈദ്യുതിയുടെ എർത്തിങ് സംവിധാനത്തിലുണ്ടായ തകരാറാകാം അപകടത്തിന് കാരണമായതെന്നാണ് ബെസ്കോം (BESCOM) ഉദ്യോഗസ്ഥന്റെ പ്രാഥമിക നിഗമനം