അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് യാത്രക്കാര്‍ മൊബൈല്‍ ടിക്കറ്റിനൊപ്പം പ്രിന്‍റ് ഔട്ട് കയ്യില്‍ കരുതണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ. നിലവിലെ നിയമത്തില്‍ മാറ്റം വന്നു എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നാലെയാണ് റെയില്‍വേയുടെ വിശദീകരണം.
അണ്‍ റിസര്‍വ്‍ഡ് ടിക്കറ്റെടുത്ത യാത്രക്കാര്‍ കയ്യില്‍ യാത്രയിലുടനീളം ടിക്കറ്റ് സൂക്ഷിക്കേണ്ടതുണ്ട്. ഡിജിറ്റലായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പ്രിന്‍റൗട്ട് ആവശ്യമില്ല. ടിക്കറ്റെടുത്ത മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയാകുമെന്ന് റെയില്‍വേ വ്യക്തമാക്കി. നിലവില്‍ യുടിഎസ് ഉപയോഗിച്ച് ഡിജിറ്റലായി അണ്‍ റിസര്‍വ്ഡ് ടിക്കറ്റെടുക്കാന്‍ സാധിക്കും.
യുടിഎസ് ആപ്പ് അൺറിസർവ്ഡ് ടിക്കറ്റുകൾക്കൊപ്പം സീസൺ ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യാനാകും. നേരത്തെ ദൂര പരിധിയുണ്ടായിരുന്നെങ്കിലും നിലവില്‍ എടുത്തു കളഞ്ഞിട്ടുണ്ട്. റെയില്‍വേ ട്രാക്കില്‍ നിന്നും നിശ്ചിത അകലം മാറി നിന്നാല്‍ ആപ്പ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍, വിന്‍ഡോസ് സ്റ്റോര്‍ എന്നിവടങ്ങളില്‍ നിന്ന് യുടിഎസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.