vande-bharat-food-package

വന്ദേ ഭാരത് എക്‌സ്‌പ്രസിൽ തനിക്ക് ലഭിച്ചത് പ്ലാസ്റ്റിക് കവറിലിട്ട് നേരിട്ട് ചൂടാക്കിയ ഭക്ഷണമെന്ന ആരോപണവുമായി യാത്രക്കാരി. അലഹബാദിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്ത അവനി ബൻസാൽ എന്ന യാത്രക്കാരിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കിടെ തനിക്ക് ലഭിച്ചത് സീൽ ചെയ്ത പ്ലാസ്റ്റിക് പാക്കറ്റുകളിലുള്ള ഭക്ഷണമായിരുന്നു. എന്നാല്‍ ഇവ ചൂടുള്ള ഭക്ഷണമായിരുന്നുവെന്നും യുവതി തന്‍റെ എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.

ഫെബ്രുവരി 18 നാണ് യുവതി എക്സില്‍ വിഡിയോ പോസ്റ്റ് പങ്കിടുന്നത്. ചൂടുള്ള റൊട്ടിയും കച്ചോരിയുമാണ് യുവതിക്ക് ലഭിച്ചത്. വിഡിയോയില്‍ റൊട്ടി അതിന്‍റെ പ്ലാസ്റ്റിക് പായ്ക്കറ്റ് അടക്കം മൈക്രോവേവ് ചെയ്തതാണോ എന്ന് യാത്രക്കാരി ജീവനക്കാരോട് ചോദിക്കുന്നുണ്ട്. മറുപടിയായി, ഉയർന്ന നിലവാരമുള്ള മൈക്രോവേവ് പാക്കേജിങ് ഉപയോഗിക്കാൻ അനുവാദമില്ലെന്നും പാക്കറ്റിൽ ഭക്ഷണം ചൂടാക്കിയിട്ടുണ്ടെന്ന് ജീവനക്കാരന്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് പാക്കറ്റിന് മുകളിൽ മൈക്രോവേവിൽ ഉപയോഗിക്കാം എന്നതടക്കമുള്ള യാതൊരു സുരക്ഷാ മുന്നറിയിപ്പുകളും ഉണ്ടായിരുന്നില്ലെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു.

വിഡിയോ വൈറലായതിന് പിന്നാലെ കമന്‍റുകളുമായി നെറ്റിസണ്‍സുമെത്തി. പലപ്പോളും മെനുവില്‍ പറയുന്ന ഭക്ഷണവും ലഭിക്കുന്ന ഭക്ഷണവും രണ്ടാണെന്നും അളവും കുറവാണെന്നും ഇത് വലിയൊരു തട്ടിപ്പാണെന്നും ഒരാള്‍ പോസ്റ്റിന് താഴെ കുറിച്ചു. രാജധാനിയില്‍ ലഭിച്ച ഭക്ഷണം കഴിച്ച് ‍ഞെട്ടിയതിന് ശേഷം ട്രെയിനിൽ നിന്നും ഭക്ഷണം കഴിക്കുന്നത് നിർത്തിയെന്നാണ് മറ്റൊരാള്‍ കുറിച്ചത്. പിന്നാലെ ഐആർസിടിസി മറുപടിയുമായെത്തി. അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നതായി ഐആര്‍സിടിസി പറഞ്ഞു. രാതി പരിഹരിക്കുന്നതിനായി യാത്രക്കാരിയുടെ പിഎൻആർ നമ്പറും മൊബൈൽ നമ്പറും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്ലാസ്റ്റിക്കില്‍ ഭക്ഷണം ചൂടാക്കിയാല്‍ 

മൈക്രോവേവ് സുരക്ഷിതമല്ലാത്ത പ്ലാസ്റ്റിക് പാക്കേജിങിനുള്ളിൽ ഭക്ഷണം ചൂടാക്കുന്നത് താലേറ്റുകൾ ബിസ്ഫെനോൾ തുടങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എൻഡോക്രൈൻ ഡിസ്റപ്റ്ററുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. പ്ലാസ്റ്റിക് പാക്കേജിങിലെ വസ്തുക്കള്‍ ഉയർന്ന താപനിലയിൽ വച്ചാലും ഇതുസംഭവിക്കാം. ചൂടാക്കുന്നതിന് മുമ്പ് ഭക്ഷണം ഗ്ലാസിലേക്കോ സെറാമിക്സിലേക്കോ മാറ്റാനാണ് വിദഗ്ദര്‍ നിര്‍ദേശിക്കുന്നത്. 

ENGLISH SUMMARY:

A passenger traveling from Allahabad to Delhi on the Vande Bharat Express has raised serious health concerns after being served food heated directly in plastic packaging. Avani Bansal shared a video on X showing hot rotis and kachoris served in sealed plastic bags, which employees allegedly confirmed were microwaved. Experts warn that heating food in non-microwave-safe plastic can release harmful chemicals like Bisphenol A (BPA) and phthalates, which are known endocrine disruptors. Following the viral video, IRCTC issued an apology and requested the passenger's PNR and contact details for further investigation. Netizens have reacted strongly, with many sharing similar negative experiences regarding the quality and quantity of food on premium Indian trains. This incident highlights the need for stricter food safety protocols in railway catering services. Stay tuned for updates on IRCTC's action against the catering contractors.