Representative Image
മംഗലാപുരത്ത് നിന്ന് മലബാര്‍ വഴി രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാമേശ്വരത്തേക്കും പഴനിയിലേക്കുമുള്ള തീര്‍ഥാടകരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് സഫലമാകുന്നത്.16621/16622 ആണ് ട്രെയിന്‍ നമ്പര്‍. പാലക്കാട്, മധുരൈ, മനാമധുരൈ വഴിയാണ് ട്രെയിന്‍ സഞ്ചരിക്കുക. മംഗലാപുരത്ത് നിന്നും ശനിയാഴ്ച വൈകുന്നേരം ഏഴരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച രാവിലെ 10.50 ന് രാമേശ്വരത്തെത്തും. തിരിച്ച് ഞായറാഴ്ച മൂന്നരയ്ക്ക് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് മംഗലാപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 6.55ന് എത്തും. 2024 മാര്‍ച്ചില്‍ ട്രെയിന്‍ ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പാമ്പന്‍ പാലത്തിന്‍റെ ഡികമ്മിഷനെ തുടര്‍ന്ന് വൈകുകയായിരുന്നു.
മംഗലാപുരം–രാമേശ്വരം വീക്ക്ലി ട്രെയിന് പുറമെ മൂന്ന് അമൃത് ഭാരത് ട്രെയിനുകള്‍ കൂടി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താംബരം– മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസ്, കോയമ്പത്തൂര്‍–ധന്‍ബാദ് അമൃത് ഭാരത് എക്സ്പ്രസ്, നാഗര്‍കോവില്‍–ചര്‍ലാപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ് എന്നിവയാണവ.
യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി അറ്റകുറ്റപ്പണികള്‍ രാമേശ്വരം റെയില്‍വേ സ്റ്റേഷനില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ ആറിന് പുതിയ പാമ്പന്‍ പാലം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ നേരിട്ടുള്ള ട്രെയിന്‍ സര്‍വീസിനായി വീണ്ടും ആവശ്യമുയര്‍ന്നു. രാമേശ്വരം തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ വളരുന്നതും ആവശ്യം ശക്തമാക്കി.