sleeper-coach

ട്രെയിനുകളില്‍ നിലവില്‍ എസി കോച്ചുകളില്‍ മാത്രം ലഭിക്കുന്ന സൗകര്യമാണ് ബെഡ് റോളുകള്‍. അതായത് വിരിയും പുതപ്പും തലയണയും. ക്ലാസുകള്‍ മാറുന്നതിനനുസരിച്ച് ഇവയുടെ കൂടെ ടവലുകളും ലഭിക്കും. എന്നാല്‍ എസി കോച്ചുകളില്‍ ലഭിക്കുന്ന ഈ സൗകര്യം സ്ലീപ്പർ ക്ലാസ് യാത്രക്കാർക്കും ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണ റെയിൽവേ. പക്ഷേ വാടക കൊടുക്കണം.

എസി കോച്ചുകളിലേതു പോലെ വിരിയും പുതപ്പും തലയണയും സ്ലീപ്പറുകളിലും നല്‍കാനാണ് തീരുമാനം. ജനുവരി 1 മുതൽ നടപ്പാക്കുന്ന പദ്ധതി രാജ്യത്ത് ആദ്യമാണ്. യാത്രക്കാർ ആവശ്യപ്പെടുന്നതനുസരിച്ചാകും ഇവ നൽകുക. പണം നൽകണം എന്നതുമാത്രമാണ് നിബന്ധന. 10 ട്രെയിനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇവയില്‍ ചെന്നൈയിൽ നിന്നും തിരിച്ചും കേരളത്തിലൂടെ കടന്നു പോകുന്ന അഞ്ച് ട്രെയിനുകളും ഉള്‍പ്പെടുന്നുണ്ട്.

കേരളത്തിലൂടെ കടന്നുപോകുന്ന തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12695/12696), പാലക്കാട്- ചെന്നൈ സെൻട്രൽ എക്സ്പ്രസ് (22651/22652), ആലപ്പുഴ- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22639/22640), മംഗളൂരു- എം.എൽ.എ. (12685/12686), മംഗളൂരു- ചെന്നൈ എഗ്മോർ എക്സ്പ്രസ് (16159/16160) എന്നീ ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് ബെഡ് റോള്‍ ലഭിക്കും. 50 രൂപയ്ക്ക് ബെഡ്ഷീറ്റ്, തലയണ, തലയണ കവർ എന്നിവ ലഭിക്കും. അതേസമയം, തലയണയും തലയണ കവറും മാത്രം മതിയെങ്കില്‍ 30 രൂപ നല്‍കിയാല്‍ മതി. ബെഡ്ഷീറ്റ് മാത്രമാണെങ്കില്‍ 20 രൂപയ്ക്കും ലഭിക്കും.

മുകളില്‍ പറഞ്ഞിരിക്കുന്ന ട്രെയിനുകളില്‍ കൂടാതെ നീലഗിരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മണ്ണാർഗുഡി എക്സ്പ്രസ്, തിരുച്ചെന്തൂർ എക്സ്പ്രസ്, സിലാമ്പു എക്സ്പ്രസ്, താംബരം- നാഗർകോവിൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയിലും ഈ സേവനം ലഭ്യമാക്കും. 'ന്യൂ ഇന്നൊവേറ്റീവ് നോൺ-ഫെയർ റവന്യൂ ഐഡിയാസ്' പദ്ധതിയുടെ ഭാഗമാണ് ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ അവതരിപ്പിച്ച ഈ പദ്ധതി.

ENGLISH SUMMARY:

South Central Railway's Chennai Division is set to extend the bedroll facility (sheet, blanket, pillow) to Sleeper Class passengers, a service previously exclusive to AC coaches. Starting January 1st, this pay-per-use service will be implemented across 10 trains, including five that run through Kerala. Passengers can avail the full set for ₹50, while individual items like a bedsheet cost ₹20. The decision, part of the 'New Innovative Non-Fare Revenue Ideas' scheme, aims to enhance convenience for Sleeper Class travelers. The Kerala-bound trains include the Thiruvananthapuram-Chennai Superfast and the Alappuzha-Chennai Superfast Expresses.