ടോൾ പ്ലാസകളിൽ ശുചിത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന യാത്രക്കാർക്ക് പാരിതോഷികം നല്‍കാന്‍ ഒരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). ടോൾ പ്ലാസകളിലെ വൃത്തിഹീനമായ ശുചിമുറികള്‍ റിപ്പോർട്ട് ചെയ്യുന്ന യാത്രക്കാർക്കാണ് അവരുടെ ഫാസ്റ്റ് ടാഗ് അക്കൗണ്ടുകളിൽ 1,000 രൂപ എന്‍എച്ച്എഐ സൗജന്യ റീചാർജ് നല്‍കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ ക്യാംപെയിനായ ‘സ്പെഷ്യൽ ക്യാംപെയ്ന്‍ 5.0’ യുടെ ഭാഗമാണ് ഈ ‘ക്ലീൻ ടോയ്‌ലറ്റ് പിക്ചർ ചലഞ്ച്’. 2025 ഒക്ടോബർ 31 വരെ എല്ലാ ദേശീയ പാതകളിലും ചലഞ്ച് പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
എങ്ങനെ നേടാം?
ഫാസ്ടാഗ് വാലറ്റിൽ സൗജന്യ റീചാർജ് ലഭിക്കാൻ രാജ്മാർഗ്യാത്ര (Rajmargyatra) ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉണ്ടായിരിക്കണം. തുടര്‍ന്ന് നിങ്ങൾ പോകുന്ന വഴിയിൽ കാണുന്ന വൃത്തിഹീനമായ ശുചിമുറിയുടെ വ്യക്തമായ ചിത്രം എടുത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്യുക. സമയം സ്റ്റാമ്പ് ചെയ്ത ചിത്രങ്ങളായിരിക്കണം അപ്‌ലോഡ് ചെയ്യേണ്ടത്. നിങ്ങളുടെ യൂസര്‍ നെയിം, സ്ഥലം, വാഹന രജിസ്ട്രേഷൻ നമ്പർ (VRN), മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകുക. ഇത്തരത്തില്‍ വൃത്തിഹീനമായ ശുചിമുറികൾ റിപ്പോർട്ട് ചെയ്യുന്ന ഓരോ വിആർഎന്നിനും ഫാസ്റ്റ് ടാഗ് റീചാർജായി 1,000 രൂപ പാരിതോഷികം ലഭിക്കും.
അതേസമയം, ഫാസ്ടാഗ് വാലറ്റിൽ സൗജന്യ റീചാർജായിട്ടായിരിക്കും 1000 രൂപ ലഭിക്കുക. ഇത് പണമായി പിൻവലിക്കാനോ കൈമാറാനോ കഴിയില്ല. മാത്രമല്ല റിപ്പോർട്ട് ചെയ്യപ്പെട്ട വാഹന രജിസ്ട്രേഷന്‍ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഫാസ്റ്റ്ടാഗിലേക്ക് മാത്രമേ തുക ക്രെഡിറ്റ് ചെയ്യപ്പെടുകയുള്ളൂ. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർമ്മിക്കുകയോ പ്രവർത്തിപ്പിക്കുകയോ പരിപാലിക്കുകയോ ചെയ്യുന്ന ശുചിമുറിയുടെ ചിത്രങ്ങളാണ് നല്‍കേണ്ടത്. പെട്രോൾ പമ്പുകളിലെ ശുചിമുറികള്‍, റോഡരികിലെ റെസ്റ്റോറന്റുകളിലെ ശുചിമുറികള്‍, അല്ലെങ്കിൽ എന്‍എച്ച്എഐയുടെ നിയന്ത്രണത്തില്‍ അല്ലാത്ത പൊതുശുചിമുറികള്‍ എന്നിവ ചലഞ്ചില്‍ ഉള്‍പ്പെടുന്നില്ല.
ഓരോ വാഹന രജിസ്ട്രേഷൻ നമ്പറിനും (VRN) ഒരിക്കൽ മാത്രമേ റിവാർഡ് ക്ലെയിം ചെയ്യാൻ കഴിയൂ. അതേസമയം ഒരേ ദിവസം ഒന്നിലധികം ഉപയോക്താക്കൾ ഒരേ ശുചിമുറി തന്നെ റിപ്പോര്‍ട്ട് ചെയ്താല്‍ ആദ്യത്തെ സാധുവായ റിപ്പോര്‍ട്ട് മാത്രമേ റിവാർഡിനായി പരിഗണിക്കൂ. അതായത്, എത്ര പരാതികൾ ലഭിച്ചാലും ഓരോ ശുചിമുറിക്കും ഒരു ദിവസം ഒരു തവണ മാത്രമേ പാരിതോഷികം ലഭിക്കൂ. രാജ്മാർഗ്യാത്ര ആപ്പ് വഴിയാണ് റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടത്. കൃത്രിമമായി നിർമ്മിച്ചതോ, തനിപ്പകർപ്പുള്ളതോ, മുമ്പ് റിപ്പോർട്ട് ചെയ്തതോ ആയ ചിത്രങ്ങൾ നിരസിക്കപ്പെടും. എഐ സഹായത്തോടെയുള്ള സ്ക്രീനിങിലൂടെയും മാനുവൽ വാലിഡേഷനിലൂടെയുമായിരിക്കും എൻട്രികൾ പരിശോധിക്കുക.