travel-india

TOPICS COVERED

യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മനസിനും കണ്ണിനും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലം..അതാണ് ലവാസ.  പൂനെയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഹില്‍സ്റ്റേഷന്‍ കാണാന്‍ ഏറെക്കുറെ ഇറ്റലിയെപ്പോലെയുള്ളതിനാല്‍ത്തന്നെ ഇന്ത്യയിലെ 'ഇറ്റാലിയന്‍ സിറ്റി' എന്നാണ് ലവാസ അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണിത്.

കൃത്യമായ ഒരു ലക്ഷ്യത്തോടുകൂടി നിർമ്മിക്കപ്പെട്ടതാണ് ലവാസ. ഇറ്റലിയിലെ ഫിഷിംഗ് റിസോർട്ടായ പോർട്ടോഫിനോയുടെ  മാതൃകയിലാണ് ഈ ഹില്‍ സ്റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനാലാണ് ലവാസയെ ഇന്ത്യയിലെ 'ഇറ്റാലിയന്‍ സിറ്റി' എന്ന് വിശേഷിപ്പിക്കുന്നത്. ഈ നഗരം പണിയാന്‍ തുടങ്ങിയ സമയത്തുതന്നെ  പോർട്ടോഫിനോയുടെ അതേ മാതൃകയിൽ നിര്‍മ്മിക്കണമെന്ന് ലവാസ കോർപ്പറേഷൻ ലിമിറ്റഡ് തീരുമാനിച്ചിരുന്നു.

 കായല്‍തീരത്തുള്ള കഫേകള്‍, സുന്ദരമായ നിറങ്ങളുള്ള കെട്ടിടങ്ങള്‍ എന്നിവയെല്ലാം പോർട്ടോഫിനോ എന്ന സ്ഥലത്തിന്റെ പ്രത്യേകതകളാണ്. ഈ പോർട്ടോഫിനോയുടെ ഭംഗി ഇന്ത്യയിലേക്ക് എത്തിക്കുക എന്നതായിരുന്നു ലവാസയുടെ നിര്‍മ്മാതാക്കളുടെ ലക്ഷ്യം. ഇന്ത്യയിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ യുറോപ്യന്‍ ശൈലിയിലാണ് ഈ നഗരത്തിന്റെ നിര്‍മ്മാണം. ഇത് തന്നെയാണ് മറ്റ് ഹില്‍സ്റ്റേഷനുകളില്‍ നിന്ന് ഈ സ്ഥലത്തെ വ്യത്യസ്ഥമാക്കുന്നതും.

ലവാസയിലെ കായല്‍തീരത്തെ നടപ്പാതയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ഇത് പോർട്ടോഫിനോയിലെ തുറമുഖത്തിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലവാസയിലെ  തടാകത്തിന് ചുറ്റും പലനിറങ്ങളുള്ള കെട്ടിടങ്ങള്‍ കാണാം.. ഇറ്റലിയിലെ കടലോര ഗ്രാമങ്ങളിലെ കെട്ടിടങ്ങളുടെ അതേ നിറങ്ങളാണ് ഇവിടെയും നൽകിയിരിക്കുന്നത്.

അർദ്ധവൃത്താകൃതിയിലുള്ള കവാടങ്ങൾ, ഇടുങ്ങിയ ബാൽക്കണികൾ, ഓട് മേഞ്ഞ മേൽക്കൂരകള്‍ തുടങ്ങിയവയയെല്ലാം ഇറ്റാലിയന്‍ ശൈലിയിലാണ് നിര്‍മ്മിച്ചിരിതക്കുന്നത്. പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയിലുള്ള വികസനം, മലനിരകളുടെ സംരക്ഷണം, നിർമ്മാണ രീതികൾ എന്നിവയ്ക്ക് ഈ നഗരത്തില്‍ വലിയ പ്രാധാന്യമുണ്ട്.

ENGLISH SUMMARY:

Lavasa, often called the 'Italian City of India,' is a meticulously planned hill station near Pune, designed with inspiration from Portofino, Italy. This unique destination offers a European charm with its colorful buildings, lakeside cafes, and picturesque promenades, making it a captivating travel spot.