അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. പൈലറ്റ് മദ്യപിച്ചിരുന്നോ എന്ന് അനന്തരവൻ രോഹിത് പവാർ സംശയം പ്രകടിപ്പിച്ചു. പൈലറ്റിന്റെ ആൽക്കഹോൾ ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു. വിമാനത്തിൽ കൂടുതൽ ഇന്ധനം നിറച്ചതാണ് അപകടകാരണമായതെന്നും കുടുംബം ആരോപിച്ചു. കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അജിത് പവാറിന്റെ വിമാനാപകടത്തെക്കുറിച്ച് സംശയങ്ങൾ ഉന്നയിച്ച് എൻസിപി നേതാവ് രോഹിത് പവാർ. ‘എല്ലാവരുടെയും മനസ്സിൽ ഈ ചോദ്യമുണ്ട്: അതൊരു അപകടമായിരുന്നോ അതോ മറ്റെന്തെങ്കിലും ആയിരുന്നോ?” രോഹിത് പവാർ ചോദിച്ചു. വിമാനത്തിൽ അധിക ഫ്യൂവൽ ടാങ്കുകൾ ഘടിപ്പിച്ചിരുന്നോ? അങ്ങനെയുണ്ടോ എന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. അത്തരം ഒരു പ്രവൃത്തി നിയമവിരുദ്ധം മാത്രമല്ല, ഒരു ബോംബിന് തുല്യവുമാണ്. ഇന്ധനം ലാഭിക്കാൻ പൈലറ്റിന് നിർദ്ദേശം ലഭിച്ചിരുന്നോ? എന്തുകൊണ്ട് അവർ വിമാനം ഒന്നു കൂടി ചുറ്റിക്കറക്കിയില്ല? ലാൻഡിങ്ങിന് മറ്റ് മാർഗ്ഗങ്ങൾ ഉണ്ടായിരുന്നോയെന്ന് രോഹിത് പവാർ ചോദിച്ചു.
‘യാത്രാപരിപാടിയിൽ മാറ്റം വരുത്തിയത് എന്തിനായിരുന്നു? ജനുവരി 27-ന് വൈകുന്നേരം മുംബൈയിൽ നിന്ന് പൂണെയിലേക്ക് പോകാനായിരുന്നു ദാദ (അജിത് പവാർ) തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹവും തയ്യാറായിരുന്നു. ഒരു ഉന്നത നേതാവ് അദ്ദേഹത്തെ കാണാനെത്തി. അതിനാൽ യാത്ര വൈകി. തുടർന്ന് പദ്ധതി മാറ്റി, 28-ന് രാവിലെ യാത്ര ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരിന്നെന്ന് രോഹിത് പവാര്‍ പറഞ്ഞു.
‘വിമാനയാത്രയുടെ കാര്യത്തിൽ അജിത് പവാർ അതീവ ജാഗ്രത പുലർത്തിയിരുന്നു. ആ കാര്യത്തിൽ അദ്ദേഹം ഒരിക്കലും റിസ്ക് എടുത്തിരുന്നില്ല. അദ്ദേഹം കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും, യാത്ര പുറപ്പെട്ടത് വൈകിയാണ്. അജിത് പവാറിന്റെ വിമാനാപകടത്തെക്കുറിച്ച് സർക്കാർ തലത്തിലുള്ള അന്വേഷണത്തിന് പുറമെ, AAIB (യുകെ), BEA, NTSB - ഇവയിലൊന്ന് ഈ വിഷയം അന്വേഷിക്കണമെന്നും രോഹിത് പവാര്‍ ആവശ്യപ്പെട്ടു.
ജനുവരി 28ന് പുണെയ്ക്ക് സമീപം ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്. ലാൻഡിങ്ങിനിടെ ചെറുവിമാനം തകർന്നു വീണ് തീപിടിക്കുകയായിരുന്നു. 2 പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് 4 പേരും കൊല്ലപ്പെട്ടിരുന്നു.