pilot-baramati

ബാരാമതിയിലുണ്ടായ വിമാനാപകടത്തില്‍ പൊലിഞ്ഞ അഞ്ചുപേരില്‍ ഒരാളായിരുന്നു ക്യാപ്റ്റന്‍ സുമിത് കപൂര്‍. എന്നാല്‍ ആ ദിനം ആ ഡ്യൂട്ടി ചെയ്യേണ്ടിയിരുന്ന ആളല്ലായിരുന്നു ക്യാപ്റ്റന്‍ സുമിതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അന്ന് ആ എയര്‍ക്രാഫ്റ്റില്‍ പോകേണ്ടിയിരുന്ന പൈലറ്റ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയതിനെത്തുടര്‍ന്നാണ് സുമിത് ആ ജോലി ഏറ്റെടുത്തത്.

 

ഹോങ്കോങ്ങില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്‍പ് തിരിച്ചെത്തിയ സുമിതിന് ബാരാമതി യാത്രയുടെ ഏതാനും മണിക്കൂര്‍ മുന്‍പാണ് നിര്‍ദേശം ലഭിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് റാലിക്കായാണ് അജിത് പവാര്‍ ബാരാമതിയിലേക്ക് യാത്രയാരംഭിച്ചത്. വിഎസ്ആര്‍ വെഞ്ചേഴ്സിന്‍റെ ചെറുവിമാനമാണ് അജിതിന്‍റെ യാത്രക്കായി നിയോഗിച്ചിരുന്നത്. രാവിലെ എട്ടുമണിയോടെ മുംബൈയില്‍ നിന്നും ആരംഭിച്ച യാത്ര എട്ടേമുക്കാലോടെയാണ് ദുരന്തത്തോടെ അവസാനിച്ചത്.

 

സുമിതിനൊപ്പം സഹ പൈലറ്റ് സാംഭവി പഥകും ഫ്ലൈറ്റ് അറ്റന്‍ഡന്റ് പിങ്കി മാലിയും അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദിപ് ജാദവുമാണ് കൊല്ലപ്പെട്ടത്. വിമാനത്തിന്‍റെ സാങ്കേതിക പ്രശ്നമാണോ അതോ പൈലറ്റിനുണ്ടായ പിഴവാണോ അപകടകാരണമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. നേരത്തേ തിരിച്ചുപറക്കാനുള്ള സാധ്യതകളുണ്ടായിട്ടും ക്രാഷ് ലാന്‍ഡിങ്ങിനു ശ്രമിച്ചത് പൈലറ്റിന്‍റെ പിഴവാണെന്ന തരത്തിലൊക്കെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സുമിത് കപൂറിന് 16,000 മണിക്കൂറോളം വിമാനം പറത്തിയുള്ള അനുഭവ പരിചയമുണ്ടെന്നും തെറ്റ് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നുമാണ് സുഹൃത്തുക്കൾ ഉറപ്പിച്ചുപറയുന്നത്.

 

സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നത്. മറ്റെന്തിനേക്കാളും സുമിത്തിന് പ്രിയപ്പെട്ടത് ഈ പൈലറ്റ് ജോലി ആയിരുന്നെന്നും മകനും മരുമകനും പൈലറ്റാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. കയ്യില്‍ കെട്ടിയ ബ്രേസ്‌ലെറ്റ് കണ്ടാണ് സുമിതിന്റെ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് സുഹൃത്തായ സച്ചിന്‍ തനേജ പറയുന്നു. പ്രിയ സുഹൃത്ത് ഇനിയില്ലെന്ന ബോധ്യം ഇപ്പോഴും തങ്ങള്‍ക്ക് അംഗീകരിക്കാനാവുന്നില്ലെന്ന് കൂടി പറയുന്നു ഉറ്റചങ്ങാതിമാര്‍. നേരത്തേ സഹാറ,ജെറ്റ് എയര്‍വേയ്സുകളില്‍ പൈലറ്റായി സുമിത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Baramati plane crash news has emerged following a tragic accident that claimed the lives of five individuals, including Captain Sumit Kapoor. The incident involved a VSR Ventures aircraft that crashed en route to Baramati, raising questions about potential pilot error versus technical malfunctions.