ajit

TOPICS COVERED

ബാരാമതി വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്കാരം ഇന്ന്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് ബാരാമതിയിലേക്ക് ഒഴുകിയെത്തുന്നത്.

ബാരാമതിയുടെ പ്രിയ പുത്രന്റെ ചേതനറ്റ ശരീരം അവസാനമായി ഒരു നോക്ക് കാണാൻ, നാടിന്റെ നാനാഭാഗത്തുനിന്നും ജാതി മത രാഷ്ട്രീയ ഭേദമന്യേ വൻ ജനപ്രവാഹമാണ് തുടരുന്നത്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ഒഴുകിയെത്തിയ ആയിരങ്ങളെക്കൊണ്ട് ബാരാമതി അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. പ്രിയ നേതാവിന്റെ വേർപാട് പലർക്കും താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. വികാരാധീനരായ പ്രവർത്തകരെക്കൊണ്ട് മൈതാനവും പരിസരവും നിറഞ്ഞു.

അജിത് പവാറിനോടുള്ള ആദരസൂചകമായി ബാരാമതിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്നും അടച്ചിടും. നഗരം പൂർണ്ണമായും ദുഃഖാചരണത്തിലാണ്. രാവിലെ 7 മണിയോടെ വിദ്യ പ്രതിഷ്ഠാൻ മൈതാനത്ത് വീണ്ടും പൊതുദർശനത്തിനായി മൃതദേഹം എത്തിക്കും. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ ഇവിടെയെത്തിയാണ് അന്ത്യോപചാരം അർപ്പിക്കുന്നത്. തുടർന്ന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ബാരാമതിയിൽ ഒരുക്കിയിരിക്കുന്നത്.

ENGLISH SUMMARY:

Ajit Pawar's funeral today; Amit Shah and other dignitaries to attend the ceremony