ajit-pawar-plane-crash

തീഗോളം, പിന്നെ വലിയ പുകപലടം, ബാരാമതി വിമാനത്താവളത്തിന് സമീപത്തെ ദേശിയപാതയിലെ സിസിടിവിയില്‍ വിമാനാപകടത്തിന്റെ വലുപ്പം കാണിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. നിമിഷ നേരങ്ങള്‍ കൊണ്ടാണ്  ലിയര്‍ജെറ്റ് 45 എന്ന എയര്‍ക്രാഫ്റ്റ് നിലംപതിച്ചത്. റണ്‍വേയ്ക്ക് തൊട്ടുമുന്‍പിലെത്തി വട്ടമിട്ടു പറന്ന ശേഷം രണ്ടാമതൊരു ലാന്‍ഡിങ് ശ്രമത്തിനിടെയാണ് വിമാനം അപകടത്തില്‍പ്പെടുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു. റണ്‍വെ 11ല്‍ ഇറങ്ങാന്‍ അനുമതി നല്‍കിയിരുന്നതായും ‌റണ്‍വെ വ്യക്തമായി കാണാമെന്ന് പൈലറ്റ് അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

8.10 നാണ് മുംബൈയില്‍ നിന്നും വിഎസ്ആര്‍ വെഞ്ച്വര്‍ എന്ന സ്വകാര്യ കമ്പനിയുടെ ലിയര്‍ജെറ്റ് 45 എന്ന സ്വകാര്യ വിമാനത്തില്‍ അജിത് പവാറടങ്ങുന്ന സംഘം പുറപ്പെട്ടത്. അണ്‍കണ്‍ട്രോള്‍ഡ് എയര്‍ഫീല്‍ഡായ ബാരമതിയില്‍ ഗതാഗത സേവനങ്ങളും വിവരങ്ങളും നൽകുന്നത് ഫ്ലൈയിംഗ് പരിശീലന സംഘടനകളാണ്. 

ആദ്യ ലാന്‍ഡിങ് ശ്രമത്തിനിടെ പൈലറ്റിന് റണ്‍വേ കൃത്യമായി കാണാനാകുന്നില്ലെന്ന് വിമാനത്താവളത്തെ അറിയിച്ചു. വിമാനം കറങ്ങി വന്നതിന് ശേഷമാണ് രണ്ടാമതും ലാന്‍ഡിങിന് ശ്രമിച്ചത്. ക്രൂവിന്‍റെ ഭാഗത്ത് നിന്നും മേയ്ഡേ കോള്‍ ഉണ്ടായിരുന്നില്ല. വിമാനം രാവിലെ 8.18 നാണ് ആദ്യം ബാരാമതി എയര്‍പോര്‍ട്ടുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് പൂനെ അപ്രോച്ച് നിയന്ത്രണം വിട്ടു നല്‍കിയ ശേഷം വിമാനത്തവളത്തില്‍ നിന്നും 30 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയിലെത്തി. ഇക്കാര്യം വിമാനത്തിലെ ക്രൂ ബാരാമതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

പൈലറ്റിന് വിമാനത്തിന്‍റെ ഉയരം കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഈ സമയം കാറ്റ് ശാന്തമായിരുന്നു. മൂന്നു കിലോമീറ്ററോളം കാഴ്ചപരിധി ഉണ്ടായിരുന്നു. രണ്ടാമത്തെ ശ്രമത്തിലും റണ്‍വേ കാണാന്‍ സാധിക്കുന്നില്ലെന്ന് വിമാനത്തിലെ ക്രൂ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. തൊട്ടുപിന്നാലെ കാണാമെന്ന സന്ദേശം ലഭിച്ചു. 8.43 ന് ലാന്‍ഡ് ചെയ്യാന്‍ വിമാനത്തിന് അനുമതി നല്‍കി. എന്നാല്‍ വിമാനത്തില്‍ നിന്നും മറുപടിയൊന്നും ലഭിച്ചില്ല. പിന്നീട് റൺവേ 11ന്‍റെ തുടക്കത്തില്‍ തീഗോളം കണ്ടതായും ഡിജിസിഎ വ്യക്തമാക്കി. 

വിഎസ്ആര്‍ വെഞ്ച്വര്‍ എന്ന സ്വകാര്യ കമ്പനിയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട 7 ലിയര്‍ജെറ്റ് 45എസ് വിമാനങ്ങളടക്കം 17 വിമാനങ്ങള്‍ കമ്പനിക്കുണ്ട്. 

ENGLISH SUMMARY:

Maharashtra Deputy Chief Minister Ajit Pawar and four others, including two pilots, died on Wednesday morning, January 28, 2026, after their Learjet 45 crashed near Baramati Airport. The private aircraft, operated by VSR Ventures, took off from Mumbai at 8:10 AM and burst into flames during a second landing attempt due to poor visibility. CCTV footage from the site shows the aircraft nosediving and exploding into a massive fireball near the threshold of Runway 11.