plane-crash

വിമാനയാത്രാ സൗകര്യങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുമ്പോഴും, ആകാശത്തുണ്ടാകുന്ന അപ്രതീക്ഷിത പിഴവുകള്‍ പലപ്പോഴും രാജ്യത്തിന് നല്‍കുന്നത് തീരാനഷ്ടങ്ങളാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ അജിത് പവാറിന്റെ വിയോഗം ഈ പട്ടികയിലെ ഏറ്റവും പുതിയ ദുരന്തമായി മാറിയിരിക്കുന്നു. 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയേയും ലോകത്തേയും ഞെട്ടിച്ച വിമാനാപകടങ്ങള്‍ ഒട്ടനവധിയാണ്.  2025 ജൂണ്‍ 12ന് അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് 274 പേര്‍. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തം. ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരില്‍ ഒരു രാഷ്ട്രീയ നേതാവും ഉള്‍പ്പെട്ടിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന വിജയ് രൂപാണി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഢിയുടെ ജീവനെടുത്തത് 2009 സെപ്റ്റംബര്‍ 2ന് ഉണ്ടായ വിമാനാപകടം. കര്‍ണൂര്‍ ജില്ലയിലെ നല്ലമല വനമേഖലയില്‍ തകര്‍ന്ന് വീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായത് 24 മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷമാണ്. ആന്ധ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബെല്‍ 430 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവറാവു സിന്ധ്യ 2001ല്‍ ഉത്തര്‍പ്രദേശിലുണ്ടായ വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്. 

2021 ഡിസംബര്‍ 8ന് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിന് സമീപമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യയുടെ പ്രഥമ സൈമിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കോയമ്പത്തൂരിലെ സൂളൂര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് ഊട്ടി വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലേക്ക് പോകുംവഴിയായിരുന്നു അപകടം. ലാന്‍ഡിങിന് 10 കിലോമീറ്റര്‍ ബാക്കിയുള്ളപ്പോള്‍ തകര്‍ന്ന് വീണു. അജിത് പവാറിന്റെ മരണത്തോടെ  ഇന്ത്യയിലെ വിഐപി വിമാനങ്ങളുടേയും ഹെലികോപ്റ്ററുകളുടേയും സുരക്ഷാമാനദണ്ഡങ്ങള്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്. അത്യാധുനിക സാങ്കേതിക തികവുള്ള വിമാനങ്ങള്‍ പോലും ലാന്‍ഡിങ് സമയത്ത് അപകടത്തില്‍പ്പെടുന്ന് ഗൗരവകരമായ സുരക്ഷാവീഴ്ചയായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. 

ENGLISH SUMMARY:

Maharashtra Deputy Chief Minister Ajit Pawar tragically died in a chartered plane crash at Baramati airport on January 28, 2026. This fatal accident adds to the list of prominent Indian leaders lost to aviation disasters, including former Gujarat CM Vijay Rupani in June 2025. The crash occurred during landing, raising serious concerns about the safety protocols for high-profile aircraft. India's history is marred by similar tragedies involving Y.S. Rajasekhara Reddy, Madhavrao Scindia, and General Bipin Rawat. Such incidents highlight the unpredictable risks faced by public figures during official travel. Experts now emphasize the need for advanced navigation and landing systems to prevent future loss of lives.