മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന്റെ പേര് നിർദ്ദേശിക്കാൻ എൻസിപി. നിലവിൽ രാജ്യസഭാംഗമാണ് സുനേത്ര പവാർ. അജിത് പവാറിന്റെ സീറ്റിൽ സുനേത്ര പവാർ മല്‍സരിക്കാൻ എല്ലാ സാധ്യതയുണ്ടെന്നും എൻസിപി വൃത്തങ്ങൾ പറഞ്ഞു.
സുനേത്ര പവാറിനെ അധികാരത്തിലേക്ക് കൊണ്ടുവരണമെന്ന് പൊതുജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മുതിർന്ന എൻസിപി നേതാവും മഹാരാഷ്ട്ര എഫ്‌ഡിഎ മന്ത്രിയുമായ നർഹരി സിർവാൾ പിടിഐയോട് പറഞ്ഞു. മുതിർന്ന എൻസിപി നേതാക്കളായ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, സുനിൽ തത്കറെ എന്നിവർ സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്.
സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എൻസിപി നേതാക്കൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കാണും. എൻസിപിയെ നയിക്കുന്നതിൽ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ നേതൃത്വം വഹിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ശരത് പവാറിന്റെ എൻസിപി (എസ്പി) യുമായുള്ള ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ പിന്നീടുള്ള ഘട്ടത്തിൽ നടക്കാൻ സാധ്യതയുണ്ട്.
മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് മുതൽ ലയനവുമായി ബന്ധപ്പെട്ട് അജിത് പവാർ എൻസിപി (എസ്പി) യുമായി ചർച്ചകൾ നടത്തിവരികയായിരുന്നു. രണ്ട് വിഭാഗങ്ങളും ഇതിനകം ഒരുമിച്ചാണ്. ചിതറിക്കിടക്കുന്നതിൽ അർഥമില്ലെന്നും ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്നും എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടെന്നും നർഹരി സിർവാൾ കൂട്ടിച്ചേർത്തു.