കേരള പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ പിടിവാശി മൂലം വീട്ടിലെത്താൻ മല നടന്നുകയറേണ്ട ഗതികേടിൽ കാസർകോട്ടെ കുടുംബങ്ങൾ. നായിത്തോട് എസ്‌സി, എസ്‌ടി ഉന്നതിയിലേക്കാണ് പ്ലാന്‍റേഷൻ കോർപ്പറേഷൻ വഴങ്ങാത്തതിനാൽ റോഡില്ലാത്തത്. ഉന്നതിയിലെ പ്രായമായവരും അസുഖബാധിതരും വഴിയില്ലാത്തതിനാൽ അടിസ്ഥാന ചികിത്സ പോലും ഉപേക്ഷിക്കുകയാണ്.
നാട്ടക്കൽ നായ്ത്തോടുള്ള നിരവധി കുടുംബങ്ങൾക്ക് ഈ അള്ളിപ്പിടിച്ചുള്ള മലകയറ്റം ദിനചര്യയാണ്. ആകപ്പാടുള്ള നുറുങ്ങ് ഭൂമിയിലെ വീട്ടിലേക്ക് എത്തിപ്പെടാനുള്ള തത്രപ്പാട്. പ്ലാന്‍റേഷൻ കോർപ്പറേഷൻ കശുമാവ് തോട്ടത്തോട് ചേർന്ന് നിരവധി എസ്‌സി, എസ്‌ടി കുടുംബങ്ങളാണ് ദുരിത ജീവിതം നയിക്കുന്നത്.
കോർപ്പറേഷൻ സ്ഥാപിതമാക്കുന്നതിന് മുൻപ് പട്ടയം ലഭിച്ചവരാണ് താമസക്കാർ. തോട്ടത്തിലൂടെയുള്ള നടപ്പ് വഴിയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അസുഖബാധിതരായ കുട്ടികളും പ്രായമായവരും വീടിന് പുറത്തിറങ്ങാനാകാതെ കഴിക്കുകയാണ്.
ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിച്ചെങ്കിലും നിർമാണ സാമഗ്രികൾ ചുമന്ന് എത്തിക്കാൻ തന്നെ പകുതി പണം ചെലവാകും. എസ്‌സി കുടുംബങ്ങളുള്ള മേഖലയിലേക്ക് ഒരു കിലോമീറ്ററും, എസ്‌ടി കുടുംബങ്ങളുടെ മേഖലയിൽ 50 മീറ്ററും കോർപ്പറേഷൻ വിട്ടുനൽകിയാൽ റോഡ് നിർമ്മിക്കാനാകും. അഞ്ചുവർഷമായി വെള്ളൂർ പഞ്ചായത്ത് പ്ലാന്‍റേഷന് കത്തയക്കുന്നുണ്ടെങ്കിലും മറുപടിയില്ല. എസ്‌സി, എസ്‌ടി കമ്മിഷൻ ഉത്തരവിനും പുല്ലുവില.