തിരക്കേറിയ സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ ഇരട്ടിവരെ ഈടാക്കാൻ ഒല, യൂബർ തുടങ്ങിയ ഓൺലൈൻ ടാക്സി കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ അനുമതി. ഡിമാൻഡ് കുറവുള്ള സമയത്ത് അടിസ്ഥാന നിരക്കിന്റെ 50 ശതമാനമായി നിരക്ക് കുറയാമെങ്കിലും പീക്ക് അവേര്‍സില്‍ 200% വരെ കൂട്ടാനാണ് അനുമതി. യാത്ര മൂന്ന് കിലോമീറ്ററിൽ താഴെയാണെങ്കിൽ അധിക നിരക്ക് ഈടാക്കാൻ പാടില്ലെന്നും ചട്ടമുണ്ട്.
കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ 'മോട്ടർ വെഹിക്കിൾ അഗ്രിഗേറ്റർ ഗൈഡ്ലൈൻസ് 2025' പ്രകാരമാണ് ഡിമാൻഡ് അനുസരിച്ച് നിരക്ക് നിർണയിക്കാന്‍ കമ്പനികൾക്ക് അനുവാദം നൽകിയത്. ഓരോ സംസ്ഥാനത്തും പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സികളുടെ അടിസ്ഥാന നിരക്ക് നിർണയിക്കാനുള്ള അവകാശം അതത് സംസ്ഥാനങ്ങൾക്ക് തന്നെയാണ്. സംസ്ഥാനം അടിസ്ഥാന നിരക്ക് നിർണയിച്ചിട്ടില്ലെങ്കിൽ കമ്പനികളുടെ നിരക്ക് സർക്കാരിന് സമർപ്പിച്ച് അനുമതി വാങ്ങണം.
ഡ്രൈവർമാർക്ക് ഓരോ ട്രിപ്പിന്റെയും വരുമാനത്തിന്റെ 80% നിർബന്ധമായി നൽകണമെന്നും നിര്‍ദ്ദേശമുണ്ട്. ഡ്രൈവര്‍മാര്‍ മതിയായ കാരണമില്ലാതെ യാത്ര റദ്ദാക്കുകയാണെങ്കിൽ യാത്രാനിരക്കിന്റെ 10% പിഴത്തുകയായി ചുമത്താം. എന്നാല്‍ പിഴത്തുക 100 രൂപയിൽ കൂടാൻ പാടില്ലെന്നും നിര്ദ്ദശത്തിലുണ്ട്. ഓൺലൈൻ ടാക്സി കമ്പനികൾക്ക് ബൈക്കുകൾ ടാക്സിയായി ഓടിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകി.