kerala-inflation-survey-3

പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറച്ചുനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് കേന്ദ്രബജറ്റില്‍ സര്‍ക്കാര്‍ പ്രധാന നേട്ടങ്ങളിലൊന്നായി ഉയര്‍ത്തിക്കാട്ടിയത്. ഇന്ത്യയില്‍ വിലക്കയറ്റത്തിന്‍റെ തോത് ഏറ്റവും കുറവാണെന്ന് കേന്ദ്രം പറയുമ്പോള്‍ കേരളത്തിലെ അവസ്ഥ എന്താണ്? സംസ്ഥാനത്തെ വോട്ടര്‍മാരോട് മനോരമന്യൂസ് ഇതേ ചോദ്യം ഉന്നയിച്ചു. കഴിഞ്ഞമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വിലക്കയറ്റം എങ്ങനെ എന്നായിരുന്നു ചോദ്യം. അതിന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വോട്ടര്‍മാര്‍ പ്രതികരിച്ചു. സര്‍വേയില്‍ പങ്കെടുത്ത 69.8 ശതമാനം പേരും വിലക്കയറ്റമുണ്ട് എന്നാണ് മറുപടി നല്‍കിയത്. Also Read: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഇന്ത്യയ്ക്ക് ഗുണമോ? കേരളത്തിലെ വോട്ടര്‍മാര്‍ പറയുന്നത് ഇങ്ങനെ


വിലയില്‍ മാറ്റമില്ല എന്ന് അഭിപ്രായപ്പെട്ടത് 17.8 ശതമാനമാണ്. 6.2 ശതമാനം പേര്‍ വില കുറയുന്നു എന്നും പറഞ്ഞു. അത്രതന്നെ ആളുകള്‍ അഭിപ്രായമില്ല എന്നും രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും ഗുരുതരമായ പ്രശ്നമെന്ത് എന്ന് ചോദിച്ചപ്പോള്‍ 23.5 ശതമാനം പേരും പറഞ്ഞത് വിലക്കയറ്റം എന്നാണ്. നിയമസഭാതിര‍ഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ് ആരംഭിച്ച വീക്‌ലി സര്‍വേ, ‘ഇലക്ഷന്‍ പള്‍സി’ലാണ് വിലക്കയറ്റത്തെക്കുറിച്ച് വോട്ടിങ് നടന്നത്.

സംസ്ഥാനം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത് തൊഴിലില്ലായ്മയാണ്. ‘ഇലക്ഷന്‍ പള്‍സ്’ സര്‍വേയില്‍ പങ്കെടുത്തവരില്‍ 27.6 ശതമാനവും തൊഴിലില്ലായ്മ അതീവഗുരുതരമായ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി. അഴിമതിയാണ് രണ്ടാമത്. 25.4 ശതമാനം പേര്‍ ഏറ്റവും വലിയ പ്രശ്നമായി അഴിമതിയെ ഉയര്‍ത്തിക്കാട്ടി. വിലക്കയറ്റം 23.5 ശതമാനം പേര്‍ക്ക് ഗുരുതരപ്രശ്നമായി അനുഭവപ്പെടുമ്പോള്‍ 5.4 ശതമാനം പേര്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ് ഏറ്റവും വലിയ പ്രശ്നമെന്ന് പറഞ്ഞു. അത്രതന്നെ ആളുകള്‍ വര്‍ഗീയതയെ പ്രധാനപ്രശ്നമായി ഉയര്‍ത്തിക്കാട്ടി.

kerala-problem-survey-1

സര്‍വേ അനുസരിച്ച് സംസ്ഥാനത്ത് വികസനമുരടിപ്പ് ഉണ്ടെന്ന് കരുതുന്നവര്‍ കുറവാണ്. 4.3 ശതമാനം മാത്രം. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 വയസിന് മുകളില്‍ പ്രായമുള്ള മലയാളി വോട്ടര്‍മാരുടെ പ്രതികരണമാണ് സി–വോട്ടര്‍ ശേഖരിച്ചത്. സ്നാപ് പോളില്‍ 1352 പേരും ട്രാക്കര്‍ സര്‍വേയില്‍ 3373 പേരും പങ്കെടുത്തു. ഫെബ്രുവരി ആദ്യവാരമാണ് സര്‍വേ നടത്തിയത്. കേരളത്തിന്‍റെ ജനസംഖ്യാഘടന അനുസരിച്ചുള്ള സാംപിള്‍ ശേഖരിച്ചായിരുന്നു സര്‍വേ.

ENGLISH SUMMARY:

A recent Manorama News ‘Election Pulse’ survey reveals that nearly 70% of Kerala voters are experiencing a significant rise in the cost of living compared to the previous month. While the central government highlights low national inflation, 23.5% of respondents in Kerala identify price rise as the state's most pressing concern. However, unemployment (27.6%) and corruption (25.4%) outrank inflation as the most critical issues facing the state. Interestingly, despite these economic challenges, only 4.3% of those surveyed believe there is a lack of development in the state.