kunhalikutty-league

മന്ത്രിസഭ രൂപീകരണ ചര്‍ച്ച അതിവേഗത്തിലാക്കി കോണ്‍ഗ്രസ്. കെപിസിസി ആസ്ഥാനത്ത് നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാര്‍ട്ടി ആസ്ഥാനത്തെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ഉള്‍പ്പെടെ 12 പേരാണ്  കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസഭയില്‍ ഉണ്ടാവുക. മുസ്‍ലിം ലീഗ്, കേരള കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ചകള്‍ക്കായി കെപിസിസി ആസ്ഥാനത്തെത്തി.

നിലവില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെ ഏഴ്പേരാണ് മന്ത്രിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, കെ.മുരളീധരന്‍, എ.പി.അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ്, എം.ലിജു, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകും. 

മുസ്‍ലിം ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ഉറപ്പിച്ചു. വകുപ്പുകളില്‍ അന്തിമ തീരുമാനമായില്ല. ചര്‍ച്ച തുടരുമെന്നാണ് കെപിസിസി ഓഫീസിലെ ചര്‍ച്ചയ്ക്ക് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അഞ്ചാം മന്ത്രിയെ പറ്റിയുള്ള ചോദ്യത്തിന് യുഡിഎഫ് തീരുമാനിക്കും എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടേത്.

രണ്ട് മന്ത്രിസ്ഥാനമെന്നതില്‍ ഉറച്ചുനില്‍ക്കുന്ന കേരള കോണ്‍ഗ്രസിന്  ഒരു മന്ത്രിസ്ഥാനവും മറ്റൊരു പദവിയും നല്‍കാമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. ചര്‍ച്ച തുടരുമെന്ന് മാത്രമാണ് കെപിസിസിയില്‍നിന്ന് പുറത്തേക്കിറങ്ങിയ പി.ജെ.ജോസഫ് പ്രതികരിച്ചത്. തൊഴില്‍ വകുപ്പ് വേണ്ടെന്ന് ഉറപ്പിച്ച ആര്‍.എസ്.പിക്ക് എന്തു വകുപ്പ് നല്‍കുമെന്നതിലാണ് ചര്‍ച്ച. ജലവകുപ്പിലാണ് ആര്‍എസ്പി നേതൃത്വത്തിന്‍റെ നോട്ടം. കേരള കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. കൃഷി വകുപ്പ്് മുന്നോട്ടുവച്ചെങ്കിലും സാധ്യമല്ലെന്ന് കേരളാ കോണ്‍ഗ്രസ് അറിയിച്ചു. 

എല്ലാ ജില്ലകള്‍ക്കും പ്രാതിനിധ്യം വേണമെന്നാണ് മുസ്‍ലിം ലീഗ് എംഎല്‍എമാര്‍ ആവശ്യപ്പെടുന്നത്. കോഴിക്കോട്, കാസര്‍കോട് ജില്ലകളുടെ കാര്യത്തില്‍ലാണ് തര്‍ക്കം. അതേസമയം, കാസർകോട് ജില്ലയ്ക്ക്‌ മന്ത്രി വേണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആവശ്യപ്പെട്ടു. പരിഗണിച്ചില്ലെങ്കിൽ ജില്ലയോടുള്ള അവഹേളനമായി വോട്ടർമാർ കരുതും. കോൺഗ്രസ്‌, മുസ്‍ലിം ലീഗ് നേതൃത്വങ്ങൾ ചർച്ച ചെയ്ത് ഉടൻ തീരുമാനിക്കണമെന്നാണ് ഉണ്ണിത്താന്‍റെ ആവശ്യം. 

ENGLISH SUMMARY:

The Congress party has accelerated its cabinet formation talks at the KPCC headquarters, with designated Chief Minister V.D. Satheesan and KPCC President Sunny Joseph leading the discussions. Out of the 12 ministerial spots allocated for Congress, seven leaders, including Ramesh Chennithala, K. Muraleedharan, and Chandy Oommen, have already finalized their positions. Meanwhile, the Muslim League has successfully secured a fifth ministerial berth, though internal debates persist over regional representation for districts like Kozhikode and Kasaragod. Additionally, Congress is negotiating with Kerala Congress by offering one ministry and an alternative post, while the RSP is strongly bargaining for the Water Resources portfolio instead of the offered Labour department.