വിനോദസഞ്ചാരികൾ കൂടുന്നത് നിയന്ത്രിക്കുന്നതിനായി പുതിയ ടൂറിസ്റ്റ് നികുതിക്ക് അംഗീകാരം നൽകി നോർവേ. നോർവീജിയൻ പാർലമെൻ്റാണ് ടൂറിസ്റ്റ് നികുതിക്ക് അംഗീകാരം നൽകിയത്. സഞ്ചാരികളുടെ താമസച്ചെലവുകൾക്കൊപ്പമായിരിക്കും ഈ നികുതി ചേർക്കുക. പ്രാദേശിക ഭരണകൂടങ്ങൾക്ക് സീസണൽ ഡിമാൻഡ് അനുസരിച്ച് നിരക്ക് ക്രമീകരിക്കാൻ വിവേചനാധികാരവുമുണ്ട്.
അമിത ടൂറിസം കാര്യമായി ബാധിച്ച പ്രദേശങ്ങളിലെ രാത്രികാല താമസത്തിന് മൂന്ന് ശതമാനം നികുതി ചുമത്താൻ പ്രാദേശിക അധികാരികളെ അനുവദിക്കുന്നതാണ് പുതിയ നികുതി നിരക്ക്. പുതുക്കിയ നികുതിയിൽനിന്ന് ലഭിക്കുന്ന വരുമാനം വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായിരിക്കും വിനിയോഗിക്കുക. നികുതി വര്‍ധനവ് സന്ദർശകർക്കും പ്രാദേശിക താമസക്കാർക്കും ഒരുപോലെ പ്രയോജനകരമാകുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടൽ.
കഴിഞ്ഞ വർഷം 38.6 ദശലക്ഷം സന്ദർശകർ മുറി ബുക്ക് ചെയ്തതോടെ നോർവേയിൽ ടൂറിസത്തിൽ കാര്യമായ വർധനവ് ദൃശ്യമായി. സന്ദർശകരുടെ വർധനവ് പ്രാദേശിക താമസക്കാർക്കിടയിൽ, പ്രത്യേകിച്ച് മുൻപ് അധികം സഞ്ചാരികൾ വരാത്ത പ്രദേശങ്ങളിൽ ആശങ്കകൾക്ക് കാരണമായി. വിനോദസഞ്ചാരികളുടെ ഒഴുക്ക് പൊതുഇടങ്ങളിൽ തിരക്ക് വർധിപ്പിച്ചു. ട്രോംസോയിൽ നടത്തിയ ഒരു സർവേ പ്രകാരം, താമസക്കാരിൽ 77ശതമാനം പേർക്കും വിനോദസഞ്ചാരികളുടെ എണ്ണം അതിരുകടന്നതായാണ് അഭിപ്രായം.
പുതുക്കിയ നികുതി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടിയായി നോർവേ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ വിവിധ ഓഹരി ഉടമകളിൽനിന്ന് ശക്തമായ വിമർശനവും ഗവണ്‍മെന്‍റ് നേരിട്ടു.പുതിയ ടൂറിസ്റ്റ് നികുതിയെ 'ചരിത്രപരമായ ചുവടുവെപ്പ്' എന്നാണ് നോർവേയുടെ വാണിജ്യ വ്യവസായ മന്ത്രിയായ സെസിലി മിർസെത്ത് വിശേഷിപ്പിച്ചത്.