Image Credit:home-affairs.ec.europa.eu
യൂറോപ്യന്‍ രാജ്യങ്ങളില്‍ പോകുന്നതിനുള്ള ഷെന്‍ഗന്‍ വീസയ്ക്കായി അപേക്ഷിച്ച് നിരസിക്കപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമതെന്ന് റിപ്പോര്‍ട്ട്. 2024 ല്‍ മാത്രം 136 കോടിയിലേറെ രൂപ ഇന്ത്യക്കാര്‍ക്ക് നഷ്ടപ്പെട്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1.65 ലക്ഷം പേരുടെ വീസയാണ് നിരസിക്കപ്പെട്ടത്. വീസ നിരസിക്കപ്പെട്ടാല്‍ അടച്ച പണം തിരികെ ലഭിക്കില്ലെന്നതാണ് ഷെന്‍ഗന്‍ വീസ അപേക്ഷകളിലെ സുപ്രധാന വ്യവസ്ഥ. അള്‍ജീരിയയാണ് വീസ നിരസിക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്. തുര്‍ക്കി രണ്ടാമതാണ്.
2024 July 22, Paris. The Seine River with the Eiffel Tower in the background in Paris. .Photo: MANOJ CHEMANCHERI/ Manorama
11.08 ലക്ഷം പേര് വീസയ്ക്കായി അപേക്ഷിച്ചിരുന്നുവെന്നും ഇതില്‍ 5.91 ലക്ഷം അപേക്ഷകള്‍ അംഗീകരിക്കുകയും 1.65 ലക്ഷം നിരസിക്കുകയും ചെയ്തുവെന്ന് 'കൊന്ഡേ നാസ്റ്റി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ വീസകള്‍ നിഷേധിച്ച രാജ്യങ്ങളില്‍ മുന്നില്‍ ഫ്രാന്‍സ് (31,324 വീസ അപേക്ഷകള്‍) ആണ്. തൊട്ടുപിന്നില്‍ സ്വിറ്റ്സര്‍ലാന്‍ഡ് (26,126), ജര്‍മനി(15806), സ്പെയിന് (15150), നെതര്‍ലാന്‍ഡ്സ്(14569) എന്നീ രാജ്യങ്ങളുമുണ്ട്.
വീസ നിരസിക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ 2023 ല്‍ ഇന്ത്യ രണ്ടാമതായിരുന്നു. 87 കോടി രൂപയാണ് അന്ന് നഷ്ടം വന്നത്. അപേക്ഷകളില്‍ അപൂര്‍ണമായ വിവരങ്ങള്‍ നല്‍കുന്നതും കൃത്യമായ ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്തതും സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിവരങ്ങളിലെ വ്യക്തതയില്ലായ്മയുമാണ് വീസ നിരസിക്കപ്പെടാന്‍ കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
People take a walk in the Schlosspark Charlottenburg public gardens in Berlin, on October 27, 2020. (Photo by Tobias Schwarz / AFP)
അപേക്ഷ ഫീസ് കൂട്ടി
ഷെന്‍ഗന്‍ വീസകള്‍ക്കുള്ള അപേക്ഷ ഫീസ് 80 യൂറോ (7200 രൂപ)യില്‍ നിന്ന് 90 യൂറോ (ഏകദേശം 8100 രൂപ)യായും വര്‍ധിപ്പിച്ചിട്ടുണ്ട്. 12 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിരക്ക് ബാധകം. 12 വയസില്‍ താഴെയുള്ള കുട്ടികള്‍, വിദ്യാര്‍ഥികള്‍, എന്‍ജിഒ പ്രതിനിധികള്‍, മറ്റ് പ്രത്യേക വിഭാഗങ്ങള്‍ എന്നിവരെയും പുതുക്കിയ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രാവല്‍ എജന്സികളെയും യാത്രക്കാരെയും ഈ നടപടി ബാധിക്കുമെന്നും വിനോദ സഞ്ചാര– ബിസിനസ് മേഖലകളെയും ഈ രാജ്യങ്ങളുമായുള്ള അക്കാദമിക് ബന്ധങ്ങളെയും ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീസ കൂടുതലായി നിരസിക്കപ്പെട്ട രാജ്യങ്ങളില്‍ മൊറോക്കോയും ചൈനയുമുണ്ട്. 17 ലക്ഷത്തോളം ഷെന്‍ഗന്‍ വീസ അപേക്ഷകളാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. ഇതില്‍ നിരസിക്കപ്പെട്ട അപേക്ഷകരില്‍ നിന്ന് മാത്രം 1410 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായതെന്നും തില്‍ 136.6 കോടി രൂപ ഇന്ത്യക്കാരുടേതാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
FILE PHOTO: Spanish national police officers walk past tourists, as they patrol a shopping street, in Ronda, Spain May 19, 2025. REUTERS/Jon Nazca/File Photo
എന്താണ് ഷെന്‍ഗന്‍ വീസ?
യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാരല്ലാത്തവര്ക്ക് ഹ്രസ്വകാലത്തേക്ക് മുതല്‍ 90 ദിവസം വരെ ഷെന്‍ഗന്‍ പ്രദേശത്തെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള വീസയാണിത്. സിംഗിള്‍ എന്‍ട്രി വീസ, മള്‍പ്പിള്‍ എന്‍ട്രി വീസ, എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വീസ എന്നിങ്ങനെ മൂന്ന് തരം വീസകളാണ് ഇക്കൂട്ടത്തിലുള്ളത്.
ഷെൻഗൻ വീസ മാനദണ്ഡങ്ങളിൽ ഇന്ത്യക്കാർക്ക് യൂറോപ്യൻ യൂണിയൻ കഴിഞ്ഞ വര്‍ഷം ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഒന്നിലേറെ തവണ യാത്ര ചെയ്യാൻ സാധിക്കുന്ന, 5 വർഷം കാലാവധിയുള്ള വീസ അനുവദിക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയനിലെ 25 രാജ്യങ്ങളടക്കം 29 രാജ്യങ്ങളിലേക്കു ഷെൻഗൻ വീസ ഉപയോഗിച്ചു യാത്ര ചെയ്യാൻ സാധിക്കും.